ചെന്നിത്തല ഇനി എഐസിസി ജനറല്‍ സെക്രട്ടറി?; പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയിലേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിന്റെ ചുമതലകളേല്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ചെന്നിത്തലയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കിയേക്കുമെന്ന് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയിരിക്കുകയാണ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തലയുടെ പദവി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

പഞ്ചാബിലും ഗുജറാത്തിലും അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്നുള്ള നേതാവിന് ഈ സംസ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ ചുമതല നല്‍കാനൊരുങ്ങുന്നത്. നേരത്തെ അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചെന്നിത്തല പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചെന്നിത്തല പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയിലടക്കം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. അപമാനിതനായി പടിയിറങ്ങേണ്ടി വന്നെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയെ നിര്‍ണായകമായ പുതിയ ചുമതലകളേല്‍പിക്കുന്നതെന്നാണ് വിവരം.