രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണതൃപ്തനെന്ന് രമേശ് ചെന്നിത്തല; ‘ഒരു സ്ഥാനമില്ലെങ്കിലും പ്രവര്‍ത്തിക്കും’

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണതൃപ്തനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയും താനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചുവെന്നത് സത്യമാണമെന്നും അദ്ദേഹം പറഞ്ഞു.

ആ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയകാരണങ്ങള്‍ വിശദമായി അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷക്ക് പറയാനുള്ള കാര്യങ്ങള്‍ തന്നോട് പറഞ്ഞു. ഒരു സ്ഥാനമില്ലെങ്കിലും താന്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേ സമയം രമേശ് ചെന്നിത്തലയെ പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള എഐസിസി സെക്രട്ടറിയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബിലും ഗുജറാത്തിലും അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്നുള്ള നേതാവിന് ഈ സംസ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ ചുമതല നല്‍കാനൊരുങ്ങുന്നത്. നേരത്തെ അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചെന്നിത്തല പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചെന്നിത്തല പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയിലടക്കം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. അപമാനിതനായി പടിയിറങ്ങേണ്ടി വന്നെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയെ നിര്‍ണായകമായ പുതിയ ചുമതലകളേല്‍പിക്കുന്നതെന്നാണ് വിവരം.