ജി 23യിലേക്കുള്ള ക്ഷണം നിരസിച്ച് രമേശ് ചെന്നിത്തല; ‘ഗാന്ധി കുടുംബത്തോട് തന്നെ തന്റെ കൂറ്’, റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: രമേശ് ചെന്നിത്തലയെ ഇരുട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത് ശരിയായില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസിനകത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട ജി 23 ഗ്രൂപ്പ്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, ഭൂപിന്ദര്‍ സിങ് ഹൂഡ, രാജ് ബബ്ബര്‍, വിവേക് തന്‍ഹ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജി 23 രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം നേരിട്ടറിയിച്ചെന്നാണ് വിവരം.

അതേ സമയം ജി 23യിലേക്കുള്ള ക്ഷണം രമേശ് ചെന്നിത്തല നിരസിച്ചെന്നും സൂചനയുണ്ട്. ഗാന്ധി കുടുംബത്തോട് കൂറ് പ്രഖ്യാപിച്ചാണ് ക്ഷണം നിരസിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതോ സമയം കേരളത്തിലേക്കുള്ള കെപിസിസി അധ്യക്ഷന്‍ ആരെന്ന പ്രഖ്യാപനം ഉടനുണ്ടാകില്ല. പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം പെട്ടെന്നെടുക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. കൂടുതല്‍ കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.

വളരെ പരിമിതമായ സമയം കൊണ്ട് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടി വന്നു. ആ തീരുമാനത്തോടും തീരുമാനമെടുത്ത രീതിയോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ആവശ്യം.

ഈ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍ ആരെന്നതില്‍ നേതാക്കളുടെ നിലപാട് താരിഖ് അന്‍വര്‍ ചോദിച്ചറിയും. വിഷയത്തില്‍ എല്ലാ മുതിര്‍ന്ന നേതാക്കളോടും ചര്‍ച്ച നിര്‍ബന്ധമായും വേണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.

അധ്യക്ഷ സ്ഥാനത്തേക്കുള്ള ആദ്യ പരിഗണനയില്‍ കെ സുധാകരന്‍ എംപിയുടെ പേരാണുള്ളതെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കെ മുരളീധനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഇക്കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം നേരിട്ടറിയാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.