സുധാകരന്‍ അധ്യക്ഷനായതോടെ മുഖ്യമന്ത്രിക്ക് ഹാലിളകി; പിണറായിക്ക് സുധാകരനെ പേടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കമിട്ടത് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രചരണങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത് മുഖ്യമന്ത്രിയാണ്. മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ആളാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘പൊതുപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. അപ്പോള്‍ പ്രതികരിക്കേണ്ടതിന് ഒരു ശൈലിയുണ്ട്. എല്ലാ അതിരുകളും കടന്നുകൊണ്ടുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വന്ന അന്നുമുതല്‍ മുഖ്യമന്ത്രിക്ക് ഹാലിളകിയ മട്ടിലാണ്’, ചെന്നിത്തല പറഞ്ഞു.

സുധാകരനെ മുഖ്യമന്ത്രി ഭയപ്പെടുന്നു എന്നതല്ലേ ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വന്ന ആ സമയം മുതല്‍ അസാധാരണമായ നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെല്ലാം. മുഖ്യമന്ത്രി തന്നെയാണ് വ്യക്തിപരമായ ആക്ഷേപം തുടങ്ങിവെച്ചത്. രാഷ്ട്രീയനേതാക്കള്‍ അത്തരം ആരോപണ പ്രത്യാരോപണം നടത്തുന്നതിനോട് യോജിക്കുന്ന ആളല്ല ഞാന്‍. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യങ്ങള്‍ തുടങ്ങിവെച്ചത് മുഖ്യമന്ത്രിതന്നെയാണ്. അപ്പോള്‍ അവസാനിപ്പിക്കേണ്ടതും മുഖ്യമന്ത്രിയാണ്’, ചെന്നിത്തലയുടെ നിലപാട് ഇങ്ങനെ.

Also Read: സ്ഥാനത്തെത്തി മൂന്നാം നാള്‍ മുക്കാല്‍ മണിക്കൂറോളം ‘ലൈവ്’ പിടിച്ചെടുത്ത് കെ സുധാകരന്‍; പഞ്ച് ഡയലോഗുകളുടെ ആവേശം പ്രവര്‍ത്തകര്‍ക്കും

പിണറായി വിജയനെതിരെയുള്ള ആരോപണങ്ങള്‍ സുധാകരന്‍ ഇന്നും തുടര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പിണറായി നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകള്‍ ഇന്നും വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് വിവരിച്ച്് സുധാകരന്‍ വീണ്ടും ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയിരുന്നു. സ്വന്തം ഓഫീസിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍പോലും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ അനുവാദമില്ലാതെ അച്ചടിച്ചുവന്ന വിഷയത്തില്‍ ഇത്രയേറെ വൈകാരികനായി പ്രതികരിക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിക്കുന്നു.

പിണറായി വിജയന് മാഫിയ ബന്ധമുണ്ടെന്ന് ജസ്റ്റിസ് കെ സുകുമാരന്‍ ആരോപിച്ചതും അതിനെതിരെ പിണറായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചതും അതിന് ജസ്റ്റിസ് നല്‍കിയ മറുപടിയും ഓര്‍ത്തെടുത്താണ് സുധാകരന്റെ പ്രതികരണം. ‘പിണറായിയുടെ മാഫിയ ബന്ധം: നിലപാടില്‍ മാറ്റമില്ലെന്ന് ജസ്റ്റിസ് സുകുമാരന്‍’, എന്ന തലക്കെട്ടോടെ 2007 ഓഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയും സുധാകരന്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ജസ്റ്റിസ് ഉറപ്പിച്ചുപറഞ്ഞതോടെ പിണറായി പിന്മാറിയെന്നും സുധാകരന്‍ പറയുന്നു. ഒരു രാഷ്ട്രീയനേതാവ് തനിക്കെതിരെയുണ്ടായ ഗുരുതര ആരോപണത്തിനെതിരെ നിയമപോരാട്ടം തുടങ്ങി വെക്കുകയും തുടര്‍ന്ന് അതില്‍ നിന്നും സ്വയം പിന്‍വാങ്ങുകയും ചെയ്താല്‍ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു.