‘എല്ലാം തേടിവന്നതാണ്, ഇല്ലാതാക്കാന്‍ കഴിയില്ല’; ഓര്‍മ്മപ്പെടുത്തലുമായി രമേശ് ചെന്നിത്തലയുടെ ഡൗണ്‍ മെമ്മറി ലൈന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിപ്പിച്ചതു പ്രകാരം ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഇപ്പോള്‍ ഡല്‍ഹിയിലാണ്. വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല കാണും. രമേശ് ദല്‍ഹിയിലെത്തിയ സമയത്ത് തന്നെ വന്ന അദ്ദേഹത്തിന്റെ ചില ട്വീറ്റുകള്‍ ചര്‍ച്ചയാവുകയാണ്.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ സ്വന്തം വിശ്വസ്തര്‍ വരെ തന്നെ തള്ളിപ്പറഞ്ഞെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തന്നോടൊപ്പമാണെന്ന് തലേന്ന് രാത്രി വരെ പറഞ്ഞ ചില എംഎല്‍എമാര്‍ നേരം വെളുത്തപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞെന്ന് പറഞ്ഞതിന് ശേഷമാണ് ചെന്നിത്തല ദല്‍ഹിയിലേക്ക് വിമാനം പിടിച്ചത്.

അതിന് ശേഷമാണ് ഡൗണ്‍ മെമ്മറി ലൈന്‍ എന്ന ഹാഷ്ടാഗിലാണ് രമേശ് ചെന്നിത്തലയുടെ ട്വീറ്റുകള്‍. തന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ വഴികളും ഗാന്ധി കുടുംബവുമായുള്ള ബന്ധവും കൃത്യമായി തന്നെ ഓരോ ട്വീറ്റുകളും പറയുന്നു.

1984ലെ എന്‍എസ്‌യു ദേശീയ സമ്മേളനത്തില്‍ മൂന്ന് മണിക്കൂറാണ് രമേശ് ചെന്നിത്തല പ്രസംഗിച്ചത്. അതിനെ പ്രശംസിച്ച ഇന്ദിരയെ ഓര്‍മ്മിച്ചാണ് ഒരു ട്വീറ്റ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു യുവനേതാവ് മുണ്ട് ധരിച്ച് ഹിന്ദിയില്‍ നന്നായി സംസാരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഐക്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്ദിര ഗാന്ധി പറഞ്ഞെന്ന് ട്വീറ്റില്‍ ചെന്നിത്തല പറഞ്ഞു.

1982ല്‍ ഹരിപ്പാട് മത്സരിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധി പ്രചരണത്തിനെത്തിയതും സ്വീകരിക്കാന്‍ കെ കരുണാകരന്‍ എത്തിയതും രമേശ് ചെന്നിത്തല ഓര്‍ക്കുന്നു. പറക്കാന്‍ ചിറക് നല്‍കിയതും പോരാടാന്‍ ഊര്‍ജ്ജം നല്‍കിയതും ഈ നേതാക്കളാണെന്ന് ഉറച്ച് തന്നെ പറയുന്നു.

1982ല്‍ തന്നെ എന്‍എസ്‌യു ദേശീയ അധ്യക്ഷനാകാന്‍ കഴിഞ്ഞതും രമേശ് ചെന്നിത്തല ഓര്‍ക്കുന്നു. അടുത്ത ദിവസം തന്നെ ഡല്‍ഹിയിലെത്തി തന്നെ കാണണമെന്ന് രാജീവ് ഗാന്ധിയുടെ സന്ദേശം വന്നെന്നും സഹപ്രവര്‍ത്തകരെടുത്ത് തന്ന വിമാനടിക്കറ്റുമായി പോയതും ഓര്‍ക്കുന്നു. എന്‍എസ്‌യു അധ്യക്ഷ പദമാണ് തനിക്ക് വേണ്ടി രാജീവ് ഗാന്ധി കരുതിവെച്ചിരുന്നതെന്ന് ട്വീറ്റിലുണ്ട്.

തന്റെ വിവാഹ സല്‍ക്കാരത്തിന് രാജീവ് ഗാന്ധി എത്തിയതും ചെന്നിത്തല ഓര്‍ക്കുന്നു. രാജീവ് ഗാന്ധി മോതിരമാണ് സമ്മാനമായി നല്‍കിയത്. എന്നാല്‍ മോതിരമായിരുന്നില്ല യഥാര്‍ത്ഥ സമ്മാനം അത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനമായിരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ വഴികാട്ടിയെന്നാണ് രാജീവ് ഗാന്ധിയെ ചെന്നിത്തല വിശേഷിപ്പിക്കുന്നത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ താനാരാണെന്ന് കൃത്യമായി ഓര്‍മ്മിപ്പിക്കുന്നതാണ് ചെന്നിത്തലയുടെ ഓരോ ട്വീറ്റുകളും. കൂടെ നിന്ന് പിന്‍വാങ്ങിയവര്‍ക്കുള്ള മറുപടിയും ഇനിയും താന്‍ ഇവിടെ തന്നെയുണ്ടാകും എന്ന സന്ദേശവുമാണ്‌രമേശ് ചെന്നിത്തല ഈ ട്വീറ്റുകളിലൂടെ നല്‍കുന്നതെന്നുമാണ് വിലയിരുത്തല്‍.