‘മന്ത്രിയെന്ന നിലയില്‍ എന്നേ പറയാവൂ, കണ്ടോ’; കന്റോണ്‍മെന്റ് ഹൗസില്‍ പിണറായിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ കാണുന്നതിനിടെ ചെന്നിത്തല

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കന്റോണ്‍മെന്റ് ഹൗസിലിരുന്ന് വിര്‍ച്വലായി കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഫീസിലെ ടിവിയില്‍ ജയ്ഹിന്ദ് ചാനലില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുന്നതിനിടെ ഒരു നുറുങ്ങ് അറിവ് അടുത്തിരുന്നയാളോട് പങ്കുവെയ്ക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ വാചകത്തില്‍ ആദ്യം മുഖ്യമന്ത്രിയെന്ന് പറഞ്ഞതും കുറച്ച് വാക്കുകള്‍ക്ക് ശേഷം മന്ത്രിയെന്ന നിലയില്‍ എന്ന് പരാമര്‍ശിക്കുന്നതിനേക്കുറിച്ചുമായിരുന്നു ചെന്നിത്തലയുടെ കമന്റ്.

മന്ത്രിയെന്ന നിലയില്‍ എന്നേ പറയാവൂ,..കണ്ടോ?

രമേശ് ചെന്നിത്തല

സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് നേതാക്കളും എംഎല്‍എമാരും ബഹിഷ്‌കരിച്ചിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ കൊവിഡ് വ്യാപനത്തിനിടെ ചടങ്ങ് ചുരുക്കി നടത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

പതിനഞ്ചാം നിയമസഭയുടെ മുഖ്യമന്ത്രിയായി ‘സഗൗരവം’ പ്രതിജ്ഞ ചെയ്താണ് പിണറായി വിജയന്‍ അധികാരമേറ്റത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പിണറായി ആദ്യം സത്യവാചകം ചൊല്ലി. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഐ നേതാവും മുന്‍ ചീഫ് വിപ്പുമായ കെ രാജനാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തതത്. റവന്യൂ മന്ത്രിയായാണ് കെ രാജന്‍ അധികാരമേറ്റത്. റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാജ്ഭവനിലെ ചായസല്‍ക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റില്‍ മന്ത്രിസഭാ യോഗം.

ഉച്ചയ്ക്ക് 2.50ന് നവകേരള ഗീതാഞ്ജലി അവതരണത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായത്. വേദിയില്‍ 140 അടി നീളത്തില്‍ സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനില്‍ 52 ഗായകരും സംഗീതജ്ഞരും അണിനിരന്ന സംഗീതാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു. 1957ലെ ആദ്യസര്‍ക്കാരിന്റെ കാലം മുതല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ മുന്നേറ്റം വിവരിക്കുന്ന വീഡിയോയായിരുന്നു ഇത്. മമ്മൂട്ടിയാണ് വീഡിയോ അവതരിപ്പിച്ചത്. എ ആര്‍ റഹ്മാന്‍, യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത, ശിവമണി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ ഗീതാഞ്ജലിയില്‍ വിര്‍ച്വലായി പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു അധികാരമേല്‍ക്കല്‍ ചടങ്ങിലേക്കു പ്രവേശനം.