കുടിയേറ്റ വിരോധം, മുസ്ലിം വിദ്വേഷം: പലൂദാന്‍ കൊളുത്തിവിട്ട തീയില്‍ കത്തുന്ന സ്വീഡന്‍

സ്വീഡന്‍ ജനതയുടെ സമാധാന ജീവിതത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് കലാപദിനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഡെന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ- കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടി നേതാവ് റാസ്മസ് പലൂദാന്റെ നേതൃത്വത്തില്‍ തിരികൊളുത്തി വിട്ട കലാപം ആറാംദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഈസ്റ്ററിന് രണ്ടുദിവസം മുന്‍പ് മുസ്ലിംഭൂരിപക്ഷ പ്രദേശമായ ലിന്‍കോപിങില്‍ പൊതുനിരത്തില്‍ വച്ച് ഖുര്‍ആന്‍ പതിപ്പ് കത്തിച്ചതായിരുന്നു തുടക്കം. സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ മുസ്ലിം വിരുദ്ധ – കുടിയേറ്റ വിരുദ്ധ ക്യാംപയിനിന്റെ തുടക്കമെന്ന് പ്രഖ്യാപിക്കപ്പെട്ട ആ സംഭവത്തിന് ശേഷം സ്വീഡന്റെ പ്രധാന നഗരങ്ങളെല്ലാം അശാന്തമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നോര്‍കോപിങ്, ലിങ്കോപിങ്, ഒറിഗോണ്‍ നഗരങ്ങളില്‍ പലൂദാനെതിരെ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലികള്‍ നടന്നു. ഈസ്റ്റര്‍ ദിവസം നടന്ന റാലിയില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസ് വെടിവെയ്പ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. പൊലീസ് ഏകപക്ഷീയമായി വെടിവെച്ചതാണെന്ന് ആരോപണമുയര്‍ന്നു. പരിക്കേറ്റ് ചികിത്സയിലാണെന്ന് പൊലീസ് അവകാശപ്പെട്ട പ്രതിഷേധക്കാര്‍ മരണപ്പെട്ടതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുചെയ്തു.

മല്‍മോ നഗരത്തില്‍ നടന്ന റാലിയില്‍ ബസും സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയായി. പൊലീസിനുനേരെ കല്ലേറുണ്ടായി. പ്രതിഷേധങ്ങള്‍ കലാപ സമാനമായി. അക്രമങ്ങള്‍ നടത്തിയ മുഖംമൂടി ധാരികള്‍ പലൂദാന്‍ അനുയായികളാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ചില ക്രിമിനല്‍ സംഘങ്ങള്‍ സംഘര്‍ഷ സാഹചര്യം മുതലെടുത്ത് പൊലീസിനെതിരെ അക്രമം അഴിച്ചുവിടുകയാണെന്നാണ് പൊലീസിന്റെ ഭാഗം. എന്നാല്‍ ആ ക്രിമിനല്‍ സംഘങ്ങള്‍ ഏതെന്ന കാര്യത്തില്‍ ഇതുവരെ വിശദീകരണമുണ്ടായിട്ടില്ല.

ഏറ്റവും ഒടുവില്‍ ചൊവ്വാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ നാല്‍പ്പതുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. 26 ഓളം പൊലീസുകാര്‍ക്കും പതിനാല് പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പടെ 26 പേര്‍ അറസ്റ്റിലായി. ഇതുള്‍പ്പടെ ആകെ 44 പേരെ കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു.

സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാന്‍, ഈജിപ്റ്റ്, ജോര്‍ദാന്‍, പാക്കിസ്ഥാന്‍ അടങ്ങുന്ന മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും സ്വീഡനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കണമെന്നും വിദ്വേഷം, തീവ്രവാദം, വംശീയത എന്നിവയെ തള്ളിക്കളയണമെന്നും സൗദി ആവശ്യപ്പെട്ടു. തുര്‍ക്കി ടെഹറാനിലെ സ്വീഡന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം നടന്നു,

അതേസമയം, ഇരുഭാഗത്തെയും പ്രവര്‍ത്തികളെ ഒരുപോലെ അപലപിച്ചായിരുന്നു പ്രധാനമന്ത്രി മഗ്ദലന ആന്‍ഡേഴ്സന്‍ പ്രതികരിച്ചത്. പലൂദാന്റെ ആഹ്വാനം വെറുപ്പുളവാക്കുന്നതാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അക്രമം കൊണ്ടല്ല ഈ സാഹചര്യത്തെ നേരിടേണ്ടത് എന്നതായിരുന്നു പ്രധാന മന്ത്രിയുടെ പ്രതികരണം. ഇതിനിടെ വരും ദിവസങ്ങളില്‍ ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പെന്‍ഹേഗനിലുള്‍പ്പടെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുമെന്ന് പലൂദാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 14 – പൊലീസിനൊപ്പം എത്തിയാണ് ലിങ്കോപിങില്‍ പലൂദാന്‍ ‘പ്രതിഷേധം’ ആരംഭിച്ചത്. 50 ശതമാനത്തോളം മുസ്ലിം കുടിയേറ്റ ജനസംഖ്യയുള്ള പ്രദേശത്ത് പൊതുനിരത്തില്‍ മുസ്ലിം മതഗ്രന്ഥമായ ഖൂര്‍ആന്‍ അഗ്നിക്കിരയാക്കിയത്. ഇതിന്റെ വീഡിയോ പ്രചരിപ്പിച്ച് തന്നെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്തെ വിവിധ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ച് കൂടുതല്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡെന്‍മാര്‍ക്കില്‍ മുസ്ലിം മതം നിരോധിക്കണമെന്നും രാജ്യത്തെ കുടിയേറ്റക്കാരെ പുറത്താക്കണമെന്നും ആഹ്വാനം ചെയ്തത്. എല്ലാം നടന്നത് പൊലീസ് നോക്കി നില്‍ക്കെയാണ്. ഇതിനിടെ പ്രദേശവാസികള്‍ പലൂദാനെ തടയാന്‍ നടത്തിയ ശ്രമമാണ് ഇന്ന് കലാപമായി പരിണമിച്ചിരിക്കുന്ന സംഭവങ്ങള്‍ക്ക് തുടക്കം.

2019-ലും പലൂദാന്‍ സമാന രീതിയില്‍ ഖുര്‍ആന്‍ കത്തിച്ചിരുന്നു. ഇതിന്റെ ഫലമായി രണ്ട് വര്‍ഷത്തേക്ക് സ്വീഡനില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടു. എന്നാല്‍ മാതാപിതാക്കളുടെ സ്വീഡിഷ് വേരുകള്‍ മുന്‍നിര്‍ത്തി പൗരത്വം തെളിയിക്കാനായതോടെ ഈ വിലക്ക് നീക്കപ്പെട്ടു. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അതേ ക്യാംപയിനുമായി തിരിച്ചെത്തുമ്പോള്‍ പലൂദാന്‍ ലക്ഷ്യംവയ്ക്കുന്നത് സെപ്റ്റംബറിലെ പൊതുതെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പിന്തുണ വോട്ടുകള്‍ ഇതുവരെ പലൂദാന് നേടാനായില്ല. ഇനി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ മുസ്ലിംവിരുദ്ധ, കുടിയേറ്റ വിരുദ്ധ പ്രചാരണമാണ് ആയുധമെന്ന് കുർസ് നേതാവ് കണക്കുകൂട്ടുന്നതായാണ് നിരീക്ഷണം.

നോര്‍ഡിക് രാജ്യങ്ങളായ ഡെന്‍മാര്‍ക്കും സ്വീഡനും ഇടയിലെ ഭൂമിശാസ്ത്രപരവും, സാമൂഹികപരവും, രാഷ്ട്രീയപരവുമായ സ്വാധീനമാണ് ഡെന്‍മാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകനായ പലൂദാനെ സ്വീഡനിലെത്തിക്കുന്നത്. 1523 വരെ ഒരേ രാജവാഴ്ചയ്ക്ക് കീഴിലായിരുന്ന ഇരു രാജ്യങ്ങളും സ്‌കാന്‍ഡിനേവിയന്‍ ഭൂവിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ചരിത്രവും സംസ്‌കാരവും ഭാഷകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇവിടുത്തെ ജനതയുടെ പൂര്‍വ്വികര്‍ ഉത്തര ജര്‍മ്മനിയില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണെന്നാണ് അനുമാനം. ഡെന്‍മാര്‍ക്കില്‍ 21000 ത്തില്‍പരം സ്വീഡന്‍ പൗരന്മാരും സ്വീഡനില്‍ 45000 ത്തോളം ഡാനിഷ് പൗരന്മാരും ഉള്ളതായാണ് കണക്കുകള്‍.

തുറന്ന കുടിയേറ്റ നിയമങ്ങളുള്ള ഇരു രാജ്യങ്ങളിലെയും തീവ്ര വലുപക്ഷ രാഷ്ട്രീയം അടുത്ത കാലത്താണ് കുടിയേറ്റ വിരുദ്ധ- മുസ്ലിംവിരുദ്ധ ആശയങ്ങളെ ശക്തിപ്പെടുത്തിയത്. അവരിലൊരാളാണ് പലൂദാനും. ഇന്ത്യ, സിറിയ, ജര്‍മ്മനി, പാകിസ്ഥാന്‍ എന്നീ നാലുരാജ്യങ്ങളില്‍ നിന്നാണ് സ്വീഡനിലേക്ക് ഏറ്റവും അധികം കുടിയേറ്റം നടക്കുന്നത്. 2021-ല്‍ മാത്രം 82,500 കുടിയേറ്റക്കാരെയാണ് സ്വീഡന്‍ സ്വീകരിച്ചത്. 2016-ല്‍ ഇത് 1,63,005 ഓളം എത്തി.

ഇതില്‍ തന്നെ വലിയൊരു വിഭാഗം മുസ്ലിംമത വിശ്വാസികളുണ്ട്. നിലവില്‍ ജനസംഖ്യയുടെ 9 ശതമാനത്തോളമാണ് സ്വീഡിനിലെ മുസ്ലിം മത വിശ്വാസികള്‍. ഈ സാഹചര്യം ഡെന്‍മാര്‍ക്കിനെ അപകടകരമായി ബാധിക്കുമെന്നാണ് പലൂദാന്റെ അവകാശവാദം. തന്റെ പോരാട്ടത്തിന് ഡെന്‍മാര്‍ക്ക്, സ്വീഡന്‍ ജനത പിന്തുണ നല്‍കുമെന്നുള്ള പ്രത്യാശയും പലൂദാനുണ്ട്. പൊതുവെ മതേതര നിലപാട് വച്ചുപുലര്‍ത്തുന്ന സ്വീഡന്‍ ജനത മുസ്ലിം മതനിയമങ്ങള്‍ സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിശ്വസിക്കുന്നവരാണ്. ഈ സാഹചര്യത്തെ മുതലെടുക്കാനാകുമെന്നതാണ് പലൂദാന്റെ പ്രത്യാശയുടെ അടിസ്ഥാനം.