ആര്‍സിസിയിലെ ലിഫ്റ്റ് തകര്‍ന്ന് മരിച്ച യുവതിക്ക് കൊവിഡ്; അറിഞ്ഞത് മരണ ശേഷം, രോഗബാധ മെഡിക്കല്‍ കോളെജ് ഐസിയുവില്‍നിന്നെന്ന് സംശയം

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്നുവീണ് ചികിത്സക്കിടെ മരിച്ച നദീറക്ക് കൊവിഡ് പോസിറ്റീവെന്ന് പരിശോധനാ ഫലം. അപകടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് യുവതി മരിച്ചത്. നദീറയുടെ കൊവിഡ് പരിശോധനാഫലം ബന്ധുക്കള്‍ക്ക് ലഭിച്ചു.

ആറ് ദിവസം മുമ്പാണ് നദീറയെ ഐസിയുവില്‍നിന്നും വെന്റിലേറ്ററിലേക്ക് മാറ്റിയത്. വെന്റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു. ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. നോണ്‍ കൊവിഡ് വിഭാഗത്തിലായിരുന്നു നദീറയെ ചികിത്സിച്ചിരുന്നത്. ആശുപത്രിയില്‍നിന്നുതന്നെയാവാം യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.

ഒരുമാസം മുമ്പാണ് ആര്‍സിസിയിലെ കൊവിഡ് തകര്‍ന്ന് നദീറയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലുള്ള അമ്മ നസീമയെ കാണാനെത്തിയതായിരുന്നു നദീറ. രാവിലെ അഞ്ചിനും ഏഴരയ്ക്കും ഇടയിലാണ് ആര്‍സിസിയില്‍ സന്ദര്‍ശകര്‍ക്ക് കിടപ്പുരോഗികളെ കാണാന്‍ അനുവാദമുള്ളത്. അതിരാവിലെ നസീമയുടെ ശസ്ത്രക്രിയക്ക് ശേഷം, അധികൃതര്‍ വിളിച്ചറിയിച്ചതനുസരിച്ച് നദീറ അമ്മയുടെ അടുക്കലേക്ക് പോകുന്നതിനിടെയാണ് അപകടം. കയറിയപാടെ ലിഫ്റ്റ് പൊട്ടി വീഴുകയായിരുന്നു.

Also Read: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നുവീണ് പരുക്കേറ്റ യുവതി മരിച്ചു

ആവര്‍ത്തിച്ച് വിളിച്ചിട്ടും നദീറയെ കാണാതെ വന്നപ്പോള്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ചു. അഞ്ച് മണിക്ക് തന്നെ നദീറ അമ്മയെ കാണാനായി അവിടെ എത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ മറുപടി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിഫ്റ്റ് പൊട്ടിവീണതും ഗുരുതരപരുക്കേറ്റ് നദീറ ലിഫ്റ്റില്‍ കിടക്കുന്നതും കണ്ടത്. തുടയെല്ല് ഒടിഞ്ഞ് തൂങ്ങി, നട്ടെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റ അവസ്ഥയില്‍ മണിക്കൂറുകളോളം ലിഫ്റ്റില്‍ കിടക്കേണ്ടി വന്നെന്നാണ് വിവരം.

വീണ് കാലിന്റെ എല്ലൊടിഞ്ഞതുകൊണ്ട് പെണ്‍കുട്ടിക്ക് പെട്ടെന്ന് അപകട വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല. ഫസ്റ്റ് എയ്ഡ് കൊടുത്ത ശേഷം ഇവിടെ ഓര്‍ത്തോ എക്‌സ്‌പേര്‍ട്ടൈസ് ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ലിഫ്റ്റ് ടെക്‌നീഷ്യനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.