‘മരക്കാറിന് അഡ്വാന്‍സായി 10 കോടി നല്‍കാം, മിനിമം ഗ്യാരന്റി കൊടുക്കാനില്ല’; അന്റണിയുടെ രാജിയേക്കുറിച്ച് അറിയില്ലെന്ന് ഫിയോക്

മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ചര്‍ച്ച നടത്തുണ്ടെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ തിയേറ്ററുകള്‍ക്ക് നല്‍കിയാല്‍ പരമാവധി ദിവസങ്ങള്‍ സ്‌ക്രീന്‍ ചെയ്യുന്നതടക്കമുള്ള വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാണെന്ന കാര്യം സുരേഷ് കുമാര്‍ വഴി ആന്റണിയെ അറിയിച്ചിട്ടുണ്ട്. പരമാവധി തുക തിയേറ്റര്‍ ഉടമകള്‍ പറ്റാവുന്ന വിധം സമാഹരിക്കും. ഇത് അഡ്വാന്‍സായി നല്‍കാം. ഒടിടി പ്ലാറ്റ്‌ഫോം നല്‍കാമെന്ന പറയുന്ന തുക ഷെയര്‍ ആയി നിര്‍മ്മാതാവിന് കൊടുക്കാമെന്നും ഫിയോക് വ്യക്തമാക്കി.

മരക്കാറിന് അഡ്വാന്‍സായി 10 കോടി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടതുപോലെ മിനിമം ഗ്യാരന്റിയെന്ന നിലയില്‍ ഇത് കൊടുക്കാന്‍ കഴിയില്ല.

കെ വിജയകുമാര്‍

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ റിലീസ് ചെയ്യാനാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. അങ്ങനെയല്ലെങ്കില്‍ അത് ആ സിനിമയുടെ വിധിയാണെന്നും ഫിയോക് പ്രസിഡന്റ് പറഞ്ഞു.

ആന്റണി പെരുമ്പാവൂര്‍ ഫിയോക് വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകളോടും കെ വിജയകുമാര്‍ പ്രതികരിച്ചു. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇപ്പോഴും ഫിയോകിന്റെ വൈസ് ചെയര്‍മാന്‍. രാജിക്കത്തിനേക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും’; ഈ വ്യവസായം നിലനില്‍ക്കാന്‍ മെഗാ സ്റ്റാര്‍ ചിത്രങ്ങള്‍ ആദ്യം തിയേറ്ററിലെത്തണമെന്ന് സര്‍ക്കാര്‍

സംഘടനയില്‍ നിന്ന് രാജിവെയ്ക്കാന്‍ ആന്റണി പെരുമ്പാവൂര്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ ഉച്ചയോടെയാണ് പുറത്തുവന്നത്. 2017ല്‍ സംഘടന രൂപീകരിച്ചത് മുതല്‍ ഫിയോകിന്റെ ഉപാധ്യക്ഷ സ്ഥാനത്തുള്ള ആന്റണി ചെയര്‍മാന്‍ പദവിയിലുള്ള ദിലീപിന് രാജിക്കത്ത് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. രാജിക്കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ ആരും തന്നോട് ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് മോഹന്‍ലാല്‍ സാറുമായാണ്’ എന്ന് ആന്റണി കത്തില്‍ പരാമര്‍ശിച്ചതായും വാര്‍ത്തകളുണ്ട്. ആന്റണി ദിലീപിന് രാജിക്കത്ത് നല്‍കിയതില്‍ ഫിയോക് യോഗത്തിനിടെ കെ വിജയകുമാര്‍ നീരസം പ്രകടിപ്പിച്ചെന്നും രാജി നല്‍കേണ്ടത് സംഘടനയുടെ പ്രസിഡന്റിനായിരുന്നെന്ന് ചൂണ്ടിക്കാട്ടിയതായും വിവരങ്ങളുണ്ട്. മോഹന്‍ലാല്‍ വെറുമൊരു ബിസിനസുകാരനായി മാറിയെന്ന് ഫിയോക് പ്രസിഡന്റ് വിമര്‍ശിച്ചതായും വാര്‍ത്തയുണ്ട്.

Also Read: ‘കത്തി കഴുത്തില്‍ വെച്ച് പടം ഓടിപ്പിക്കുന്ന അനുഭവം, മരക്കാര്‍ വേണ്ടെന്ന് വെച്ചു’; ആന്റണി പെരുമ്പാവൂരിന്റേത് ഗുണ്ടായിസമെന്ന് ഗിരിജ തിയേറ്ററുടമസ്ഥ