‘600 കോടിയുടെ മുറിച്ചിട്ട മരം അനങ്ങാതെ കിടപ്പുണ്ട്, എം വി ശ്രേയാംസ്‌കുമാറിന്റെ തോട്ടത്തില്‍ പോയി നോക്ക്’; റോജി അഗസ്റ്റിന്‍

വിവാദ ഉത്തരവിന്റെ മറവില്‍ വയനാട് ജില്ലയില്‍ 600 കോടി രൂപയുടെ മരം മുറി നടന്നിട്ടുണ്ടെന്ന് മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റോജി അഗസ്റ്റിന്‍. 600 കോടി രൂപയുടെ മരം മുറിച്ചത് പലയിടങ്ങളിലായി സ്റ്റോക്കായി കിടക്കുന്നുണ്ടെന്ന് റോജി അഗസ്റ്റിന്‍ പറഞ്ഞു. എം വി ശ്രേയാംസ്‌കുമാറിന്റെ തോട്ടത്തില്‍ പോയി നോക്ക്. വാരിയാട് എസ്‌റ്റേറ്റില്‍ മുറിച്ച് കൂട്ടിയിട്ടത് നോക്ക്. കുപ്പമുടി എസ്റ്റേറ്റില്‍ പോയി നോക്കൂ. മാന്യന്മാരെന്ന് പറയുന്ന മരക്കച്ചവടക്കാരുടെ ഡിപ്പോയില്‍ പോയി നോക്കൂ. ഒരു കഷ്ണം മരം അനക്കാന്‍ പറ്റുന്നില്ല ആര്‍ക്കും. എല്ലാവരും കുടുങ്ങിപ്പോയി. അവര്‍ മരം മുറിച്ചതിന്റെ കുറ്റികള്‍ ഞാന്‍ കാണിച്ചുതരാം. എങ്ങനെയാണ് അവര്‍ക്ക് മാത്രം പാസ് കിട്ടുകയെന്നും റോജി അഗസ്റ്റിന്‍ ചോദിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് റോജി അഗസ്റ്റിന്റെ പ്രതികരണം.

ഈ മരങ്ങളെല്ലാം മുറിച്ചത് ഞാനല്ല. മാതൃഭൂമിയല്ലല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവന്റെ തോട്ടത്തിലെ മരം മുറിയ്ക്കാന്‍ അവന് ഉത്തരവുണ്ടായിരുന്നോ?

റോജി അഗസ്റ്റിന്‍

തന്റെ പറമ്പില്‍ നിന്ന 14 എണ്ണമടക്കം 56 കുറ്റി മരമാണ് ഞങ്ങള്‍ മുറിച്ചത്. ഞാനും പിതാവും നട്ടുവളര്‍ത്തിയതാണ് മരങ്ങള്‍. ഞാന്‍ മരക്കച്ചവടക്കാരനാണ്. 2010 മുതല്‍ എനിക്ക് ഡിപ്പോയും ലൈസന്‍സുമുണ്ട്. എന്നെ ക്രൂശിക്കുന്നത് എന്തിനാണ്? ഒരു വകുപ്പു പോലും തെറ്റിച്ചിട്ടില്ല. മരംമുറിച്ച് വില്‍ക്കാന്‍ 25 ലക്ഷം കോഴ നല്‍കി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയിട്ടില്ല. ഡിഎഫ്ഒയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കി. റേഞ്ച് ഓഫീസര്‍ക്ക് അഞ്ച് ലക്ഷം രൂപം നല്‍കി. വനം വകുപ്പ് ഓഫീസ് സ്റ്റാഫിനും പണം നല്‍കി. ഇവരാരും എന്റെ മുഖത്ത് നോക്കി പണം തന്നില്ലെന്ന് പറയില്ല. ലക്ഷക്കണക്കിന് രൂപ വാങ്ങിയ ശേഷം എന്നെ പൂട്ടാന്‍ നോക്കി. പണം കൊടുക്കാതെ ഇത് നടക്കില്ലെന്ന അവസ്ഥ വന്നപ്പോഴാണ് പണം കൊടുക്കേണ്ടി വന്നത്. ഉദ്യോഗസ്ഥന് പൈസ കൊടുത്തത് തെറ്റാണ്. അതുകൊണ്ടാണ് ഇപ്പോള്‍ വെളിപ്പെടുത്തേണ്ടി വന്നത്. നിവൃത്തിയില്ലല്ലോ. ഇവര്‍ക്ക് എന്നെ പൂട്ടണം. കാരണം ഞാന്‍ സത്യം വിളിച്ചുപറയും. എന്റെ കൈയില്‍ രേഖകളുണ്ടെന്ന് അവര്‍ക്കറിയാം.

എ കെ ശശീന്ദ്രനെ കണ്ട കാലത്ത് അദ്ദേഹം വനംമന്ത്രിയല്ല. ഞങ്ങള്‍ വനം മന്ത്രിയെ കണ്ടിട്ടില്ല.

റോജി അഗസ്റ്റിന്‍

ഒരു നിയമവും ലംഘിക്കാതെയാണ് മരം മുറിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കേസെടുത്തത്. വനത്തില്‍ നിന്ന് മരം മുറിച്ചെന്നാണ് കേസെടുത്തത്. ഞങ്ങള്‍ 15 കോടിയുടെ മരംമുറി ഇടപാട് നടത്തിയിട്ടില്ല. മുഴുവന്‍ കച്ചവടം രണ്ട് കോടിയില്‍ താഴെയാണ്. 56 കുറ്റി മരം അളന്നപ്പോള്‍ 1.40 കോടി രൂപയാണ് കിട്ടിയത്. 25 ലക്ഷം ഇവര്‍ തന്നെ കൊണ്ടുപോയില്ലേ? മരംമുറിച്ച ഹംസ 30 ലക്ഷം വാങ്ങി. വാങ്ങിയ എല്ലാവര്‍ക്കും മരത്തിന്റെ പൈസ കൊടുത്തു. സമീര്‍ 50 ലക്ഷം രൂപ വാങ്ങി. 36 ശതമാനം നികുതി സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ട്. കോടതിയില്‍ സിഎംപി ഫയല് ചെയ്താണ് പാസ് വാങ്ങിയത്. പെരുമ്പാവൂരില്‍ മരം എത്തിച്ചത് ഡിപ്പോ ലൈസന്‍സ് ഉപയോഗിച്ചാണ്.

15 കോടിയുടെ മരം മുറിച്ചില്ല. 1.68 ലക്ഷം രൂപയുടെ ഇടപാടാണ് ആകെയുള്ളത്. ഒരു നാണം കെട്ട പണി ഏറ്റെടുത്തു എന്നല്ലാതെ വലിയ ലാഭമൊന്നും കിട്ടിയിട്ടില്ല. എന്റെ 16 കുറ്റി വിറ്റ് കിട്ടിയത് 28 ലക്ഷം രൂപയാണ്.

റോജി അഗസ്റ്റിന്‍

ചെറിയ വില മാത്രം നല്‍കി ആദിവാസികളെ ഉള്‍പ്പെടെ മരം നിന്ന സ്ഥലത്തിന്റെ ഉടമകളെ വഞ്ചിച്ചെന്ന ആരോപണം റോജി അഗസ്റ്റിന്‍ തള്ളി. തുച്ഛമായ വിലയാണോ എന്ന കാര്യം മരം വില്‍ക്കുമ്പോള്‍ ആലോചിക്കണമായിരുന്നു. ഞാന്‍ കച്ചവടക്കാരനല്ലേ? വില്‍ക്കുന്നവന്‍ ആലോചിക്കണ്ടേ? കച്ചവടം പറഞ്ഞിട്ട് പൈസ കൊടുത്തില്ലെങ്കിലാണ് വഞ്ചനയാകുക. ഒരു മരത്തിനും രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ കൊടുക്കാന്‍ പറ്റില്ല.

ആരോപണ വിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് റോജി അഗസ്റ്റിന്‍ പറഞ്ഞു. തന്റെ കൈയില്‍ നിന്ന് ഒരു ചായ പോലും കുടിച്ചിട്ടില്ല. നേരില്‍ കണ്ടിട്ടില്ല.

വിവാദഉത്തരവ് പിന്‍വലിക്കുന്നതായി പറഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ തീയതി പോലുമില്ലെന്ന് റോഷി അഗസ്റ്റിന്‍ ആരോപിച്ചു. ഞാന്‍ കേസ് കൊടുത്തതുകൊണ്ടല്ല ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവ് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാകാം. സിബിഐ അന്വേഷണത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത് ഞങ്ങളാണ്. അഞ്ച് കേസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. നിയമപരമായി നീങ്ങുമെന്നും റോജി അഗസ്റ്റിന്‍ വ്യക്തമാക്കി.

സൗത്ത് വയനാട് ഡിഎഫ്ഒ പി രഞ്ജിത് കുമാറുമായി നടത്തിയ സംഭാഷണം റോജി പുറത്തുവിട്ടു. നിങ്ങള്‍ എന്ത് വിവരമില്ലാത്ത മനുഷ്യനാണെന്ന് ഡിഎഫ്ഓയോട് റോജി ചോദിക്കുന്നത് ഓഡിയോ ശകലത്തിലുണ്ട്. തന്റെ ഓഫീസിലുള്ള രേഖ തന്നുകൂടേ. രാജി വെച്ച് കൂടേ. എന്തിനാണ് ഒളിച്ചുനടക്കുന്നതെന്നും റോജി അഗസ്റ്റിന്‍ ചോദിക്കുന്നു.