ടുണീഷ്യന്‍ തെരുവില്‍ തീ പടര്‍ത്തിയ അറബ് വസന്തവും പുലര്‍ന്നില്ല; വാഗ്ദാന ലംഘനങ്ങളില്‍ മനംമടുത്ത് വീണ്ടും യുവാവിന്റെ ആത്മാഹുതി

ടൂണിസ്: 2011 ജനുവരിയിൽ ടുനീഷ്യയുടെ ബെൻ അറൂസ് തെരുവിൽ മുഹമ്മദ് ബുഅസീസി എന്ന 26 വയസുള്ള പഴക്കച്ചവടക്കാരൻ മുനിസിപ്പൽ അധികാരികൾക്കെതിരെയുള്ള പ്രതിഷേധമായി സ്വയം തീകൊളുത്തി മരിച്ചു. അതായിരുന്നു ഒരു മേഖലയുടെ ചരിത്രം തിരുത്തിയ അറബ് വസന്തത്തിന്റെ തുടക്കം. എന്നാൽ അതേ അറബ് വിപ്ലവത്തിൽ പങ്കെടുത്ത് പരിക്കുകൾ പറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്‌ദാനം ചെയ്‌ത ആരോഗ്യ സംരക്ഷണമോ ജോലിയോ ലഭിക്കാത്തതിൽ മനംനൊന്ത് മറ്റൊരു 26 കാരൻ ടുണീഷ്യയിൽ തീകൊളുത്തി ആത്മാഹുതി ചെയ്തിരിക്കുകയാണ് ഇപ്പോൾ. നെജി ഹെഫിയാൻ എന്ന യുവാവാണ് പത്ത് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ ലഭ്യമാകാത്തതിനാൽ തന്റെ കുടുംബത്തിന് മുന്നിൽ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്‌തത്‌.

തലസ്ഥാന നഗരിയായ ടൂണിസിന്റെ പ്രാന്തപ്രദേശത്തുള്ള, അറബ് വിപ്ലവത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്ന, ഇൻതിലാക്ക പട്ടണത്തിലായിരുന്നു നെജി ഹെഫിയാൻ താമസിച്ചിരുന്നത്. ദിവസവേതനക്കാരും കായികാധ്വാനം നടത്തുന്നവരും ഭൂരിപക്ഷമുള്ള ഈ പ്രദേശം 2010 ഡിസംബർ മുതൽ 2011 ജനുവരി വരെയുള്ള കാലയളവിൽ വലിയ അളവിലുള്ള പ്രക്ഷോഭത്തിനായിരുന്നു സാക്ഷ്യംവഹിച്ചത്. പ്രക്ഷോഭത്തിനിടെ അന്ന് പതിനാറ് വയസായിരുന്ന നെജിയുടെ തലയിൽ വെടിയേൽക്കുകയായിരുന്നു. എന്നാൽ വിപ്ലവത്തിൽ പരിക്കേറ്റവരുടെ സർക്കാർ ലിസ്റ്റിലുണ്ടായിരുന്നിട്ടും ഒരിക്കൽപോലും സഹായമോ നഷ്ടപരിഹാരങ്ങളോ ലഭിച്ചില്ല എന്ന് നെജിയുടെ കുടുംബം കുറ്റപ്പെടുത്തുന്നു.

തന്റെ മകൻ നേരിട്ട ഈ നീതിനിഷേധവും അവഗണനയുമാണ് അവന്റെ ജീവനെടുത്തത് എന്നാണ് നെജിയുടെ പിതാവ് ബഷീർ ഹെഫിയാൻ പറയുന്നത്. ‘എന്റെ അനുജന് അവകാശപ്പെട്ട യാതൊന്നും ലഭിച്ചിരുന്നില്ല, വാഗ്‌ദാനം ചെയ്‌ത ജോലിയോ ആരോഗ്യ സംരക്ഷണമോ ഒന്നും. നിരവധി തവണ അധികാരികളെ അവൻ സമീപിച്ചു. എന്നാൽ പ്രസിഡന്റ് ഉൾപ്പടെ എല്ലാവരും കയ്യൊഴിഞ്ഞു,’ എന്ന് നെജിയുടെ സഹോദരി സൊഹ്റയും കൂട്ടിച്ചേർക്കുന്നു. നെജിയുടെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകൾ വിശദീകരിച്ച് പിതാവ് ബഷീർ ടുണീഷ്യൻ പ്രസിഡന്റിന് കത്തെഴുതിയിരുന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. യുവാവിന്റെ മരണത്തിന് ശേഷവും അധികാരികൾ ബന്ധപ്പെട്ടില്ല എന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

മുഹമ്മദ് ബുഅസീസി

എന്നാൽ ഈ സാഹചര്യം നെജിയുടേത് മാത്രമല്ല എന്നാണ് ടുണീഷ്യയിലെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പറയുന്നത്. വിപ്ലവത്തിൽ പങ്കെടുത്ത് പരിക്കുപറ്റിയ നിരവധിയാളുകൾ ജീവനൊടുക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന സ്ഥിതിയാണുള്ളതെന്ന് അഭിഭാഷകയായ ലാമിയ ഫർഹാനി അഭിപ്രായപ്പെടുന്നു. അറബ് വിപ്ലവത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കുപറ്റിയവർക്കും സഹായം ഉറപ്പാക്കാൻ രൂപീകരിച്ച സംഘടനയുടെ പ്രസിഡന്റാണ് ഫർഹാനി. ‘ഈ അടിസ്ഥാന അവകാശങ്ങൾ നൽകാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നില്ല അധികൃതർ. ഭരണകൂടവും 2011 മുതൽ മാറിമാറി വന്നുപോയ സർക്കാരുകളുമാണ് ഈ നിരാശാവസ്ഥക്കും ജനരോഷത്തിനും ഉത്തവാദികൾ,’ എന്ന് ഫർഹാനി വിശദീകരിക്കുന്നു.

ALSO READ: അറബ് വസന്തത്തിന്റെ അവസാന തുരുത്തും അട്ടിമറിക്കപ്പെടുമ്പോൾ കയ്യടിക്കുന്ന ടുണീഷ്യൻ ജനത; അന്നഹ്ദയുടെ പിഴവ്

അറബ് വിപ്ലവാനന്തരം ജനാധിപത്യ ഭരണകൂടം നിലവിൽവരികയും നിലനിൽക്കുകയും ചെയ്ത ഒരേയൊരു രാജ്യമായിരുന്നു ടുണീഷ്യ. 23 വർഷം ടുണീഷ്യ ഭരിച്ച സൈനുൽ അബ്‌ദീൻ ബെൻ അലിയെ വിപ്ലവത്തിലൂടെ പുറത്താക്കി ഇലാമിസ്റ്റ് സംഘടനായ അന്നഹ്ദയും ടുണീഷ്യൻ വർക്കേഴ്‌സ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സെക്കുലർ റിഫോമിസ്റ്റ് പാർട്ടിയും ചേർന്ന് ജനകീയ സർക്കാരുണ്ടാക്കി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ 41 ശതമാനം വോട്ട് നേടി ഏറ്റവും വലിയ പാർട്ടിയായി അന്നഹ്ദ ഉയർന്നുവന്നു. എന്നാൽ ഇന്നോളം മാറിമാറി വന്ന സർക്കാരുകൾക്ക് അറബ് വിപ്ലവത്തിനുതന്നെ മൂലകാരണങ്ങളായിരുന്ന തൊഴിലില്ലായ്‌മയും വിലക്കയറ്റവും പട്ടിണിയും അസ്ഥിരതയും ദാരിദ്ര്യവും പരിഹരിക്കാനോ ജനങ്ങളുടെ അഭിലാഷത്തിനൊത്ത് ഉയരാനോ കഴിഞ്ഞിട്ടില്ല. ഇത് ഭരണകൂട വിരുദ്ധ ജനരോഷം ശക്തിപ്പെടാൻ കാരണമാകുകയായിരുന്നു.

പ്രക്ഷോഭം തെരുവിലേക്ക് പടർന്ന സാഹചര്യത്തിൽ ജൂലൈ 25ന് അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ സർക്കാർ പിരിച്ചുവിട്ട് പ്രസിഡണ്ട് ഖൈസ് സൈദ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അധികാരം പിടിച്ചെടുത്തിരിക്കുകയുമാണ് നിലവിൽ. അന്നഹ്ദക്കും സർക്കാരിനുമെതിരെയുള്ള ജനരോഷത്തിന് പരിഹാരമായിട്ടാണ് അധികാര കേന്ദ്രീകരണമെന്നാണ് സൈദ് ന്യായീകരിക്കുന്നത്. സൈദിന്റെ നടപടി അട്ടിമറിയാണെന്ന് ആദ്യം അഭിപ്രായപ്പെട്ട അന്നഹ്ദ പിന്നീട് സ്വരം മയപ്പെടുത്തി സൈദിന്റെ തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉതകുന്നതാകട്ടെ എന്ന് ആശംസിക്കുകയായിരുന്നു.