ഒറ്റദിവസം വിറ്റത് 52 കോടിയുടെ മദ്യം, റെക്കോര്‍ഡ്; പാലക്കാട് തേന്‍കുറിശ്ശിയില്‍ മാത്രം 69 ലക്ഷത്തിന്റെ വില്‍പന

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചതില്‍ റെക്കോര്‍ഡ് വില്‍പന. മദ്യശാലകള്‍ തുറന്ന ആദ്യദിനമായ വ്യാഴാഴ്ച ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം കേരളത്തില്‍ വിറ്റഴിച്ചത് 52 കോടി രൂപയുടെ മദ്യം. സാധാരണ ശരാശരി 49 കോടി രൂപയുടെ മദ്യമാണ് വില്‍ക്കാറുണ്ടായിരുന്നത്.

ബിവറേജസ് കോര്‍പറേഷന് കീഴില്‍ തുറന്ന 256 ഔട്ട്‌ലെറ്റുകളിലെ മാത്രം കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിലെ 40 ഔട്ട്യലെറ്റുകള്‍ തുറന്നിരുന്നില്ല. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലൂടെയും നടന്ന മദ്യവില്‍പനയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പാലക്കാട് തേന്‍കുറിശ്ശിയിലാണ് ഏറ്റവുമധികം വില്‍പന നടന്നത്. തേന്‍കുറിശിയിലെ ഒറ്റ ഔട്ട്‌ലെറ്റിലൂടെ 69 ലക്ഷം രൂപയുടെ മദ്യം വിറ്റുപോയി. തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ കച്ചവടം കൂടുതലുണ്ടായതെന്നാണ് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Also Read: ഈ ഓണത്തിന് മരക്കാറുണ്ടാവും; റിലീസ് തിയ്യതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍

കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളില്‍ എട്ടുകോടിയുടെ കച്ചവടം നടന്നു. സാധാരണ ഇത് ആറ്-ഏഴ് കോടിവരെയാണുണ്ടാവാറുള്ളത്. ബാറുകളുടെ കണക്ക് ലഭ്യമായിട്ടില്ല.

കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാവണം മദ്യവില്‍പനയെന്ന നിര്‍ദ്ദേശം കര്‍ശനമായി നല്‍കിയിട്ടുണ്ടെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു. ജീവനക്കാര്‍ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.