ലോക്ഡൗണല്ലേ, ഇത്ര ഇളവ് വേണ്ട; നിയന്ത്രണം കര്‍ശനമാക്കണമെന്ന് പൊലീസ്; ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചമുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിലെ ഇളവുകള്‍ കുറയ്ക്കണമെന്ന നിലപാടിലുറച്ച് പൊലീസ്. നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തിയുണ്ട്. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കണമെങ്കില്‍ ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇത് പരിഗണിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ വെട്ടിക്കുറച്ചേക്കുമെന്നാണ് സൂചന.

സഹകരണ സംഘങ്ങള്‍, യാത്രാ അനുമതികള്‍, ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, നിര്‍മ്മാണ മേഖല തുടങ്ങിയ തലങ്ങളില്‍ അനുവദിച്ചിരിക്കുന്ന ഇളവുകളിലാണ് പൊലീസ് അതൃപ്തി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പൊലീസ് യോഗം ചേരുന്നുണ്ട്.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ സമയമടക്കം കുറയ്ക്കണമെന്നാണ് പൊലീസ് നിലപാട്. ഇളവുകള്‍ നല്‍കുന്നത് നിരത്തില്‍ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന വിലയിരുത്തലും പൊലീസിനുണ്ട്.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ കൂടുതലാണ്. കൂടുതല്‍ കര്‍ശനമായ ലോക്ഡൗണാണ് ആവശ്യം. ചീഫ് സെക്രട്ടറിയുടെ ഉത്തരവനുസരിച്ചുള്ള ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നാണ് പൊലീസ് ഉന്നയിക്കുന്ന കാര്യം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.