‘സമുദായങ്ങള്‍ക്ക് വീതിച്ച് നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി ധവളപത്രമിറക്കണം’; മുഖ്യമന്ത്രിക്ക് നിവേദനവുമായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനേത്തുടര്‍ന്ന് ഭിന്നാഭിപ്രായങ്ങള്‍ ഉയരവെ സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി. കേരള ജനസംഖ്യയുടെ അനുപാതവും സാമുദായികസ്ഥിതിയും അടിസ്ഥാനമാക്കി ഓരോ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ വിഭവങ്ങള്‍ ഭരണഘടനാപരമായി വീതിച്ചു നല്‍കിയതിന്റെ കണക്ക് ഉള്‍പ്പെടുത്തി ഒരു ധവളപത്രം പുറത്തിറക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ‘സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആന്റ് പീസ്’ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുന്ന നിവേദനം മുഹ്‌സിന്‍ പരാരി ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സാമുദായികവേദികള്‍, മാധ്യമങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവ വഴി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടയാനും തെറ്റിദ്ധാരണകള്‍ തിരുത്താനും ഇത് വഴിയൊരുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മുഹ്‌സിന്‍ പരാരി

നിവേദനത്തില്‍ ഒപ്പുവെച്ചും ഇത് സമാധാനവും സാമുദായിക ഐക്യവും ആഗ്രഹിക്കുന്ന എല്ലാവരിലേക്കും എത്തിച്ചും ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ ബഹുമാന്യരായ എല്ലാ പൗരന്മാരോടും വിനീതമായി അഭ്യര്‍ത്ഥിക്കുകയാണെന്നും സംവിധായകന്‍ പ്രതികരിച്ചു. ധവളപത്രം ആവശ്യപ്പെട്ടുള്ള ഒപ്പിടല്‍ ക്യാംപെയ്‌നിന്റെ ലിങ്കും മുഹ്‌സിന്‍ പരാരി പങ്കുവെച്ചിട്ടുണ്ട്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരവെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ട് 3.30ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് റദ്ദാക്കിയുള്ള ഹൈക്കോടതിവിധി നടപ്പാക്കണമെന്നാണ് ക്രൈസ്തവ സഭകളുടേയും സംഘടനകളുടേയും ആവശ്യം. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് മുസ്ലീം സംഘടനകളുടെ നിലപാട്.