‘നിങ്ങള്‍ അപൂര്‍ണമാക്കിയ നാടകം അവിടെ അനാഥമായി കിടക്കുന്നു’; അന്തരിച്ച നാടകകൃത്ത് എ ശാന്തകുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പെഴുതിയ കുറിപ്പ്

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ഉറ്റവരും കലാസ്വാദകരും കേട്ടത്. ഒരിക്കല്‍ ക്യാന്‍സറിനെ തോല്‍പിച്ചെങ്കിലും രക്താര്‍ബുദത്തിന്റെ രണ്ടാം വരവ് ശാന്തകുമാറിന്റെ ജീവനെടുത്തു. നാടകക്കാരനായി വീണ്ടും ജനിക്കണമെന്ന ആഗ്രഹം പങ്കുവെച്ചാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ജേതാവിന്റെ വിയോഗം. ജൂണ്‍ ആറിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശാന്തകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കള്ളനെ പോലെ അവന്‍ പതുങ്ങി വന്നു. വീണ്ടും ലുക്കീമിയയുടെ പിടിയില്‍. ഹെമറ്റോളജി വാര്‍ഡില്‍ അഞ്ചാം ദിനം. അന്തിമ വിധി എന്തായാലും നാടകക്കാരനായി പുനര്‍ജനിക്കണം.

എ ശാന്തകുമാര്‍

മരം പെയ്യുന്നു, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടന്‍ പൂച്ച, കര്‍ക്കടകം, രാച്ചിയമ്മ തുടങ്ങിയ ശ്രദ്ധേയ നാടകങ്ങളുടെ എഴുത്തുകാരന്‍ തന്നെ മരണത്തിന് മുമ്പ് സന്ദര്‍ശിക്കാനെത്തിയ കഥാപാത്രത്തേക്കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എഴുതിയിരുന്നു.

എന്റെ ദമയന്തി

ഇന്നലെ രാത്രി ദമയന്തി എന്റെ അടുത്ത് വന്നു. ദമയന്തിയെ നിങ്ങളെ ഞാന്‍ പരിചയപെടുത്തിയിട്ടില്ല. നീണ്ടമുടിയഴകും മെലിഞ്ഞ മേനിയഴകും വട്ടമിഴികള്‍ക്കും അധരങ്ങള്‍ക്കും ചുറ്റും സങ്കടപ്പാടുകളുടെ കറുത്തചായങ്ങളും കഠിനമായികലര്‍ന്ന സര്‍പ്പസുന്ദരിയായിരുന്നു അവള്‍! അവള്‍ കിതച്ചും കരഞ്ഞുംകൊണ്ടും പറഞ്ഞു. നിങ്ങള്‍ നാടകമെഴുത്തുകാരന്‍ ഇവിടെ മരണത്തോട് കഥപറഞ്ഞ് മല്ലടിക്കുന്നു! നിങ്ങള്‍ അപൂര്‍ണ്ണമാക്കിയ നാടകം അവിടെ അനാഥമായി കിടക്കുന്നു. അപൂര്‍ണവും അനാഥവുമായ ആ നാടകത്തിലെ കഥാപാത്രമാണ് ഞാന്‍. നിങ്ങള്‍ അപൂര്‍ണമായി ഉപേക്ഷിച്ച എന്റെ ജീവിതം എന്താണ് ഞാന്‍ ചെയേണ്ടത്? എന്റെ ജീവിതാന്ത്യം എന്താണ്? നിങ്ങള്‍ തന്നെ ഉത്തരം പറയണം. അനേകം പുരുഷന്‍മാരുടെ ഗന്ധമേറ്റ ശാരീരമാണ് എനിക്കിപ്പോളുള്ളത്. നിങ്ങള്‍ ഒന്നുമാത്രം ഇപ്പോള്‍ എന്നോട് പറഞ്ഞാല്‍ മതി. എന്തിനാണ് എന്റെ കൗമാരത്തിലെ കുപ്പിവളകാരനായ കാമുകനെ നിങ്ങള്‍ കാണാതാക്കിയത്?

എന്തിനാണ് കുനുകുന അക്ഷരങ്ങളുമായി വരുന്ന എന്റെ പോസ്റ്റ്മാന്‍ ചന്ദ്രേട്ടനെ എന്റെ ജീവിതത്തില്‍ നിന്നും തട്ടിപറച്ചത്? എന്തിനാണ് എ കെ ജി യെ വെല്ലുന്ന ജീവിതം ജീവിച്ചുതീര്‍ക്കണമെന്ന് വാശിപിടിച്ച സഖാവ് കെ കെ സത്യന്റെ പ്രണയം എന്റെ ജീവിതത്തില്‍നിന്നും തട്ടിപറച്ചെടുത്തത്? ഇവരെ ഒക്കെ നിരന്തരം പ്രണയിച്ചുകൊണ്ടിരുന്ന എന്റെ ആ കൗമാര പ്രണയങ്ങള്‍ എന്തിനാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയത് ? എനിക്ക് അതിന് ഉത്തരം കിട്ടിയേ തീരു എന്നുപറഞ്ഞ് അവള്‍ എന്റെ മുന്നില്‍ ഇരുന്നു. ഞാന്‍ കണ്ണുതുറന്നപ്പോള്‍ മുന്നില്‍ നഴ്‌സ് ബ്ലഡ് കയറ്റുന്നു. സമയം രണ്ട് മണി, ഹേമറ്റോളജി വാര്‍ഡ്.”

എ ശാന്തകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സാഹിത്യ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെയും അവാര്‍ഡുകള്‍ നേടിയ ശാന്തകുമാര്‍ ആഗോള വല്‍ക്കരണത്തിന്റെ കെടുതികള്‍ തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ ജനപ്രതിനിധിയായ ശാന്തകുമാര്‍ സാമൂഹികപ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.