‘സഹോദരാ മടങ്ങിവരൂ’; ഫാസ്റ്റ് 10ലെ റോള്‍ ഉപേക്ഷിക്കരുതെന്ന് റോക്കിനോട് വിന്‍ ഡീസല്‍

‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ പത്താം ഭാഗത്തില്‍ അഭിനയിക്കാന്‍ ഫ്രാഞ്ചൈസിലേക്ക് മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ് വിന്‍ ഡീസലിന്റെ കത്ത്. രണ്ട് പാര്‍ട്ടായി പുറത്തിറക്കുന്ന ‘ഫാസ്റ്റ് 10’ല്‍ ഏജന്റ് ലൂക്കാസ് ഹോബ്‌സിനെ അവതരിപ്പിക്കാന്‍ നിങ്ങള്‍ തന്നെ വരണമെന്നും അന്തരിച്ച നടന്‍ പോള്‍ വാക്കറിന് (പാബ്ലോ) മികച്ച ഒരു ഫിനാലേ താന്‍ വാക്കു കൊടുത്തിരുന്നെന്നും വിന്‍ ഡീസല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എന്റെ കുഞ്ഞുസഹോദരന്‍ ഡ്വെയ്ന്‍..സമയമായിരിക്കുന്നു. ലോകം ‘ഫാസ്റ്റ് 10’ ഫിനാലെക്ക് വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, വീട്ടില്‍ എന്റെ കുട്ടികള്‍ താങ്കളെ അങ്കിള്‍ ഡ്വെയ്ന്‍ എന്നാണ് വിളിക്കാറ്. അവരും താങ്കളും പരസ്പരം ആശംസിക്കാതെ ഒരു അവധിദിനം പോലും കടന്നുപോകാറില്ല.

പക്ഷെ, സമയമായിരിക്കുന്നു. ലെഗസി നമ്മളെ കാത്തിരിക്കുകയാണ്. പാബ്ലോയ്ക്ക് ഞാന്‍ നല്‍കിയ വാക്ക് നിറവേറ്റാന്‍ പോകുകയാണെന്ന് നിങ്ങളോട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു. നമ്മള്‍ പത്ത് വരെയെത്തി, ഏറ്റവും നല്ല ഫാസ്റ്റ് ചിത്രമായി ഫിനാലെ ചെയ്യുമെന്ന് ഞാന്‍ അന്ന് പ്രതിജ്ഞയും ചെയ്തു. പക്ഷെ, നിങ്ങള്‍ കൂടി വന്നേ തീരൂ. ഫ്രാഞ്ചൈസ് വെറുതെ ഉപേക്ഷിച്ച് പോകരുത്. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് നിങ്ങള്‍ക്ക് ചെയ്യാനുള്ളത്. മറ്റൊരാള്‍ക്കും ഹോബ്‌സിനെ അവതരിപ്പിക്കാന്‍ കഴിയില്ല. താങ്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് താങ്കളുടെ ലക്ഷ്യം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോളിവുഡ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയായ ഏഴാമത്തെ ഫിലിം സീരീസാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്. ഫ്രാഞ്ചൈസ് ഇതുവരെ ആകെ 600 കോടി ഡോളര്‍ കളക്ട് ചെയ്തു. വിന്‍ ഡീസല്‍, പോള്‍ വാക്കര്‍, ടൈറിസ് ഗിബ്‌സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2001ലാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസ് ആരംഭിക്കുന്നത്. 2011ല്‍ ഫാസ്റ്റ് ഫൈവിലൂടെ ഡ്വെയ്ന്‍ ജോണ്‍സണ്‍ സീരിന്റെ ഭാഗമായി. തുടര്‍ന്നുള്ള ചിത്രങ്ങളിലും ‘ഹോബ്‌സ് ആന്‍ഡ് ഷോ’ എന്ന സ്പിന്‍ ഓഫിലും ഡ്വെയ്ന്‍ പ്രധാന വേഷം ചെയ്തു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ‘റോക്ക്’ എന്ന് വിളിപ്പേരുള്ള ഡ്വെയ്ന്‍. ഹോളിവുഡില്‍ ഏറെ തിരക്കുള്ള നടനുമാണ്. റെഡ് നോട്ടീസാണ് ഡ്വെയ്‌ന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ‘ബ്ലാക്ക് ആഡ’മില്‍ ഡി സി സൂപ്പര്‍ ഹീറോ ആയാണ് ഡ്വെയ്ന്‍ എത്തുന്നത്.

ഫാസ്റ്റ് 8 പോസ്റ്റര്‍

ഈ വര്‍ഷം പുറത്തിറങ്ങിയ എഫ് 9 വമ്പന്‍ വിജയം നേടിയിരുന്നു. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 721 ദശലക്ഷം ഡോളര്‍ കളക്ട് ചെയ്തു. 200 ദശലക്ഷം ഡോളറായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഫിനാലെയുടെ ആദ്യ ഭാഗം 2023 ഏപ്രിലില്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. രണ്ടാം ഭാഗം 2024ല്‍ എത്തിയേക്കും. ഫ്രാഞ്ചൈസിന് വേണ്ടി ഏറ്റവും കൂടുതല്‍ ചിത്രങ്ങളൊരുക്കിയ ജസ്റ്റിന്‍ ലിന്‍ തന്നെയാകും സംവിധാനം. ടൈറിസ് ഗിബ്‌സണ്‍, സങ് കാങ്, ക്രിസ് ലുഡാക്രിസ് ബ്രിഡ്ജസ്, ജോര്‍ദാന ബ്രൂസ്‌റ്റെര്‍, മിഷേല്‍ റോഡ്രിഗസ് എന്നിവരും അവസാന ഭാഗങ്ങളിലുണ്ടാകും.