സംസ്ഥാനത്ത് പ്രളയസാധ്യതയില്ലെന്ന് റവന്യൂമന്ത്രി; ‘അണക്കെട്ടുകളില്‍ അധിക വെള്ളമില്ല’, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പ്രളയ സാധ്യതയില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. എങ്കിലും ജാഗ്രതയുണ്ടാകണം. ഡാമുകള്‍ നിറഞ്ഞുകവിയുന്നതുപോലെ ഭീതിപ്പെടുത്തുന്ന സംഭവങ്ങളില്ലെങ്കിലും മഴ ശക്തമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടലുകളോ മറ്റോ ഉണ്ടായോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഡാം സേഫ്റ്റി അതോറിറ്റിയെല്ലാം അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. റൂള്‍ കര്‍വുകള്‍ കടന്നുപോകുന്ന സ്ഥിതിയിലുള്ള വലിയ ഡാമുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പേപ്പാറ ഡാമിലൂടെയുള്ള വെള്ളം തിരുവനന്തപുരത്തേക്ക് വന്നേക്കാം എന്ന ആശങ്കയുണ്ട്’, കെ രാജന്‍ പറഞ്ഞു.

‘ശബരിമല തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കുകയാണ്. തീര്‍ത്ഥ സ്‌നാനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കക്കി ഡാമാണ് പ്രദേശത്തെ പ്രധാന അണക്കെട്ട്. നിലവില്‍ കക്കി ഡാം നിറയുന്ന സാഹചര്യമില്ല. തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്’, മന്ത്രി അറിയിച്ചു.

ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. വൈകുന്നേരങ്ങളില്‍ മലയോര പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് കൊണ്ടുപോകണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കും. എല്ലാതരത്തിലുള്ള പ്രശ്‌നങ്ങളെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.