വാക്‌സിൻ പൂഴ്ത്തിവെപ്പ്: സമ്പന്ന രാജ്യങ്ങളുടെ പക്കൽ 120 കോടി അധിക വാക്‌സിൻ, ദരിദ്ര രാജ്യങ്ങളിൽ കുത്തിവെപ്പെടുത്തവർ രണ്ട് ശതമാനത്തിൽ താഴെ

ലണ്ടൻ: ലോകത്തെ കൊവിഡ് വാക്‌സിൻ വിതരണത്തിലെ അധികരിക്കുന്ന അസമത്വവും പൂഴ്ത്തിവെപ്പും തുറന്നുകാണിച്ചുകൊണ്ട് പുതിയ പഠനം. ഈ വർഷം അവസാനമാകുന്നതോടെ വിവിധ സമ്പന്ന രാജ്യങ്ങളുടെ കൈവശം 120 കോടി കൊവിഡ് വാക്‌സിൻ ഷോട്ടുകൾ ആവശ്യത്തിലധികമായി സ്റ്റോക്കുണ്ടാകുമെന്ന് കണക്കുകൾ. ഇത് ദരിദ്ര രാജ്യങ്ങളിലേക്കുള്ള സംഭാവനക്കായി കണക്കാക്കപ്പെട്ടവയല്ലെന്നും എയർഫിനിറ്റി ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ പഠനം വ്യക്തമാക്കുന്നു. പ്രധാനമായും ആഫ്രിക്കയിലുൾപ്പടെ വിവിധ ദരിദ്ര രാജ്യങ്ങളിൽ കടുത്ത വാക്‌സിൻ ക്ഷാമം അനുഭവപ്പെടുമ്പോഴാണ് സമ്പന്നരാജ്യങ്ങളുടെ പക്കൽ ഇത്തരത്തിൽ വാക്‌സിൻ കുമിഞ്ഞുകൂടുന്നത്.

ഈ മാസത്തെ കണക്കുകൾ പ്രകാരം സമ്പന്ന പടിഞ്ഞാറൻ രാജ്യങ്ങളിൽ 500 മില്യൺ (50 കോടി) അധികവാക്സിനുകളുണ്ട്. ഈ വർഷം അവസാനത്തോടെ ശേഖരിക്കപ്പെടുന്ന 1.2 ബില്യൺ (120 കോടി) അധിക വാക്സിനുകളിൽ 20 കോടിയിൽ താഴെ മാത്രമാണ് മറ്റിടങ്ങളിലേക്ക് നൽകാൻ നിലവിൽ പദ്ധതിയുള്ളത്. ബാക്കി വാക്‌സിൻ സമ്പന്ന രാജ്യങ്ങളുടെ കൈവശമാകും ശേഖരിക്കപ്പെടുകയെന്നും എയർഫിനിറ്റി വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയൻ, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ജപ്പാൻ രാജ്യങ്ങളുടെ വാക്‌സിൻ ശേഖരമാണ് പഠനത്തിൽ പ്രധാനമായും വിശകലനം ചെയ്‌തത്‌.

ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും നേതൃത്വത്തിൽ ദരിദ്രരാജ്യങ്ങളിലേക്ക് എത്രയും പെട്ടെന്ന് വാക്സിനുകളെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഈ പൂഴ്ത്തിവെപ്പ് കണക്കുകൾ ഉയർന്നുവരുന്നത്. ഈ വർഷം അവസാനത്തോടെ താഴ്ന്ന വരുമാനമുള്ള 92 രാജ്യങ്ങളുൾപ്പടെ 190 രാജ്യങ്ങൾക്ക് രണ്ട് ബില്യൺ (200 കോടി) വാക്‌സിനുകൾ ലഭ്യമാക്കാനായിരുന്നു യു.എൻ പിന്തുണക്കുന്ന വാക്‌സിൻ പങ്കിടൽ പദ്ധതി ‘കൊവാക്‌സ്’ ലക്ഷ്യം വെച്ചിരുന്നത്. ഈ രാജ്യങ്ങളിലെ 20 ശതമാനം ജനങ്ങൾക്ക് കുത്തിവെപ്പ് നൽകാൻ ഇതുവഴി സാധിക്കുമായിരുന്നു. എന്നാൽ സമ്പന്ന രാജ്യങ്ങൾ നിർമ്മാതാക്കളിൽ നിന്നും വലിയ അളവിൽ വാക്‌സിനുകൾ വാങ്ങിക്കൂട്ടാൻ ആരംഭിച്ചതോടെ കൊവാക്‌സിൻ പദ്ധതിക്ക് ആവശ്യമായ വാക്‌സിൻ ലഭ്യമാകാതെവന്നു.

ALSO READ: ഈ അസമത്വം അംഗീകരിക്കാനാവില്ലെന്ന് സമ്പന്ന രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന; ‘ബൂസ്റ്റർ വാക്‌സിനേഷൻ നിർത്തിവെച്ചാൽ ലോകജനതയുടെ 10 ശതമാനം കൂടി സുരക്ഷിതരാകും’

ലോകത്ത് ഇതുവരെ ഉല്പാദിപ്പിക്കപ്പെട്ട 80 ശതമാനം വാക്‌സിനും അതിസമ്പന്ന രാജ്യങ്ങളിലേക്കാണ് പോയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ ഇതുവരെ ജനസംഖ്യയുടെ 64 ശതമാനം വാക്‌സിനെടുത്തപ്പോൾ ദരിദ്ര രാജ്യങ്ങളിൽ 1.8 ശതമാനമാളുകൾ മാത്രമാണ് കുത്തിവെപ്പെടുത്ത് പ്രതിരോധം നേടിയതെന്നാണ് ഓക്‌സ്‌ഫഡ് സർവകലാശാലയുടെ പഠനം. നിലവിലെ നിരക്കിൽ അതിദരിദ്ര രാജ്യങ്ങളിലെ ജനങ്ങൾ പൂർണമായി കുത്തിവെപ്പെടുക്കാൻ 2023 അവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്ന് ഗവേഷകരെ ഉദ്ധരിച്ച് നേച്ചർ മാസിക റിപ്പോർട്ട് ചെയ്യുന്നു. സമ്പന്ന രാജ്യങ്ങളിലല്ലാത്ത 70 ശതമാനം ലോക ജനസംഖ്യക്ക് കുത്തിവെപ്പെടുക്കാൻ 11 ബില്യൺ ഷോട്ടുകളാണ് ആവശ്യമുള്ളത്. എന്നാൽ 3.3 ബില്യൺ മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. നിലവിലെ കുത്തിവെപ്പ് നിരക്കിൽ വർഷാവസാനമാകുമ്പോഴേക്കും ഇത് 6 ബില്യണിന് അടുത്തെത്തും.

കൊവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ അധികപ്രതിരോധം ഉറപ്പുവരുത്താൻ വേണ്ടി അമേരിക്കയും ജർമനിയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ബൂസ്റ്റർ ഷോട്ടുകൾ നൽകാൻ ആരംഭിച്ചത് കുറ്റപ്പെടുത്തി ലോകാരോഗ്യ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഈ അസമത്വം അംഗീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ട സംഘടന ബൂസ്റ്റർ വാക്‌സിനേഷൻ നിർത്തിവെക്കണമെന്നും അത് ദരിദ്ര രാജ്യങ്ങൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുവഴി മാത്രം ലോകജനതയുടെ 10 ശതമാനം കൂടി സുരക്ഷിതരാകുമെന്നാണ് ലോകാരോഗ്യ സംഘടന വിശദീകരിച്ചത്.

കൊവിഡ് ഏറ്റവും ദുരിതം വിതക്കാൻ സാധ്യതയുള്ള രാജ്യങ്ങൾ സംരക്ഷിക്കപെടാതിരിക്കുമ്പോൾ ലോകത്ത് ലഭ്യമായ വാക്‌സിന്റെ ഭൂരിഭാഗവും ഉപയോഗിച്ചവർ തന്നെ വീണ്ടും കുത്തിവെപ്പ് നടത്തുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ലോകാരോഗ്യ സംഘടനാ അധ്യക്ഷൻ റെഡ്‌റോസ്‌ അധനോം ഗബ്രിയേസസ്‌ അഭിപ്രായപ്പെട്ടത്. എന്നാൽ രാജ്യങ്ങൾ ബൂസ്റ്റർ ഷോട്ടുകൾ നൽകുന്നതും വാക്‌സിനുകൾ ശേഖരിക്കുന്നതും തുടരുകയായിരുന്നു.