കാപ്പനെ അഭിനന്ദിച്ച പീതാംബരന്‍ മാസ്റ്ററെ വിമര്‍ശിച്ചു; റസാഖ് മൗലവിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം തെറിപ്പിച്ച് എന്‍സിപി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങള്‍ എന്‍സിപിയില്‍ മറനീക്കി പുറത്തുവരുന്നു. എകെ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന അബ്ദുള്‍ റസാഖ് മൗലവിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കി. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തത് ചൂണ്ടിക്കാണിച്ചാണ് നടപടി.

എന്‍സിപി സംസ്ഥാനാധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററാണ് റസാഖ് മൗലവിയെ പാര്‍ട്ടി ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കിയത്. തെരഞ്ഞെടുപ്പില്‍ പാലായില്‍നിന്ന് യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച മാണി സി കാപ്പനെ പീതംബരന്‍ മാസ്റ്റര്‍ അഭിനന്ദിച്ചത് റസാഖ് മൗലവി എതിര്‍ത്തിരുന്നു.

ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായിരുന്ന.ു ഇതിന് പിന്നാലെയാണ് പീതാംബരന്‍ മാസ്റ്ററെ വിമര്‍ശിച്ചതില്‍ റസാഖ് മൗലവിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന് മറുപടി നല്‍കിയില്ലെന്ന് ആരോപിച്ചാണ് പുറത്താക്കല്‍ നടപടി.

എന്നാല്‍ താന്‍ മറുപടി നല്‍കിയിരുന്നെന്നും മറുപടി കിട്ടുന്നതിന് മുമ്പേ നടപടിയെടുക്കുകയായിരുന്നെന്നുമാണ് റസാഖ് മൗലവിയുടെ വിശദീകരണം. തന്റെ നിരപരാധിത്വം വ്യക്തമാക്കി സംസ്ഥാനാധ്യക്ഷന് കത്ത് നല്‍കുമെന്നും ദേശീയ നേതൃത്വച്ചെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപിയിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ പ്രഫുല്‍ പട്ടേല്‍ സംസ്ഥാനത്തെത്താനിരിക്കെയാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാവുന്നത്. മന്ത്രിസ്ഥാനത്തേക്ക് എകെ ശശീന്ദ്രനെത്തന്നെ പരിഗണിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, ശശീന്ദ്രന് കഴിഞ്ഞ തവണ അവസരം നല്‍കിയതാണെന്നും രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയിലേക്ക് തോമസ് കെ തോമസിനെ എത്തിക്കണമെന്നുമാണ് മറുഭാഗത്തിന്റെ വാദം. മന്ത്രി ആരെന്ന് മെയ് 18ന് അറിയിക്കണമെന്നാണ് സിപിഐഎം എന്‍സിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.