എന്താ പെണ്ണിന് കുഴപ്പമെന്ന് സിതാര; ഗൗരിയമ്മയ്‌ക്കൊപ്പം ശൈലജ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഗീതു മോഹന്‍ദാസും റിമയും; തരംതാഴ്ത്തുന്നോയെന്ന് പാര്‍വ്വതി

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. ക്യാബിനറ്റില്‍ ടീച്ചര്‍ക്ക് ഇടം നല്‍കാത്തതില്‍ വിമര്‍ശനവുമായി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുളളവര്‍ രംഗത്തെത്തി. കെ കെ ശൈലജ കെ ആര്‍ ഗൗരിയമ്മയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രവും ആരോഗ്യമന്ത്രി കൈ കൂപ്പി നില്‍ക്കുന്ന ചിത്രവും സംവിധായിക ഗീതു മോഹന്‍ദാസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഞങ്ങളുടെ ടീച്ചറെ തിരിച്ചുകൊണ്ടുവരിക എന്ന ഹാഷ്ടാഗുമായി നടി റിമ കല്ലിങ്കലും പ്രതികരിച്ചു. നിയമസഭയില്‍ കെ എം ഷാജിയെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി നടത്തിയ ‘പെണ്ണിനെന്താ കുഴപ്പം?’ എന്ന പ്രസ്താവന പലരും സ്റ്റാറ്റസ് ആയി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

പെണ്ണിനെന്താ കുഴപ്പം? ഒരു ഗംഭീര റെക്കോഡ് വിജയവും അഞ്ചുവര്‍ഷത്തെ ലോകനിലവാരത്തിലുള്ള സേവനവും നിങ്ങള്‍ക്ക് സിപിഐഎമ്മില്‍ ഇടം നല്‍കുന്നില്ലെങ്കില്‍, പിന്നെന്തിന് കഴിയും. ഈ ജനവിധി നിങ്ങള്‍ക്കുള്ളതായിരുന്നു ശൈലജ ടീച്ചര്‍, ഈ പാര്‍ട്ടിയുടെ മാനുഷിക മുഖമായതിന്, താങ്കളുടെ കഠിനാധ്വാനത്തിന്.

റിമ കല്ലിങ്കല്‍

ബ്രിങ്ങ് അവര്‍ ടീച്ചര്‍ ബാക്ക്, ബ്രിങ്ങ് ബാക് ശൈലജ ടീച്ചര്‍ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ഗൗരിയമ്മയും ശൈലജയും ഒരുമിച്ചുള്ള ചിത്രവും റിമ ഷെയര്‍ ചെയ്തിട്ടുണ്ട്. തല്‍ക്ഷണംതന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഭരണനിര്‍വ്വഹണത്തേക്കാള്‍ കാര്യക്ഷമമായി എന്താണുള്ളതെന്ന് നടി പാര്‍വ്വതി തിരുവോത്ത് ചോദിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെ സിപിഐഎം അവരെ പാര്‍ട്ടി വിപ്പ് റോളിലേക്ക് തരം താഴ്ത്തുന്നോ? യാഥാര്‍ത്ഥ്യമാണോ ഇത്? ഇതിന് ന്യായീകരണമില്ല. ജനം അവരുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നു. അപ്പോള്‍ അവരെ മാറ്റി നിര്‍ത്തുന്നത് പാര്‍ട്ടിയെ അങ്ങേയറ്റം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തിക്കും.

പാര്‍വ്വതി തിരുവോത്ത്

മുഖ്യമന്ത്രീ, ഞങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ അര്‍ഹതയുണ്ട്. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരിക. നമ്മുടെ കാലത്തെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ്. ശരിക്കും ഒരു അപൂര്‍വ്വതയാണ് ശൈലജ ടീച്ചര്‍. ഏറ്റവും ദുഷ്‌കരമായിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ കാലത്ത് അവര്‍ ഈ സംസ്ഥാനത്തെ നയിച്ചു. ശൈലജ ടീച്ചര്‍ക്ക് ക്യാബിനറ്റില്‍ ഇടം നേടാന്‍ അര്‍ഹതയുണ്ട്. അവരുടെ കാര്യക്ഷമമായ നേതൃത്വം ഈ സംസ്ഥാനത്തെ ജനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും പാര്‍വ്വതി ട്വീറ്റ് ചെയ്തു.

പെണ്ണിനെന്താ കുഴപ്പം എന്ന് ചോദിച്ച ഗായിക സിതാര പിന്നീട് പോസ്റ്റ് പിന്‍വലിച്ച് പ്രതികരണം മയപ്പെടുത്തി. ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു. അഞ്ച് വര്‍ഷത്തെ പരിചയം ചെറുതല്ല! ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശ! പുതിയ മന്ത്രിസഭക്ക് ആശംസകള്‍. അയേണ്‍ ലേഡി, സ്‌ട്രോങ് വുമന്‍ എന്നീ ഹാഷ്ടാഗുകളും സിതാര ഒപ്പം ചേര്‍ത്തിട്ടുണ്ട്. പെണ്ണിനെന്താ കുഴപ്പം എന്ന പോസ്റ്റ് പിന്‍വലിച്ചതിനേക്കുറിച്ച് സിതാരയുടെ മറുപടി ഇങ്ങനെ.

മൂന്ന് സ്ത്രീകള്‍ മന്ത്രിമാരായി കടന്നുവരുന്ന മന്ത്രിസഭയില്‍, ‘പെണ്ണിനെന്താണ് കുഴപ്പം’ എന്ന നേരത്തെ ഇട്ട പോസ്റ്റിനു, വ്യക്തത കുറവും, വികാരപരവും ആണെന്നതിനാല്‍… കൂടുതല്‍ വ്യക്തതയോടെ രണ്ടാമതും പറഞ്ഞതാണ്! തെറ്റുകള്‍ തിരുത്താനുള്ളതാണ്, അല്ലാതെ ഒരിക്കല്‍ പറഞ്ഞത് മാറ്റി പറയില്ല എന്ന വാശി മണ്ടത്തരമാണ്!

സിതാര