കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ സംസാരിച്ചതിന് ബിജെപിയില്‍ നിന്ന് പുറത്താക്കി; ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

തൃശ്ശൂര്‍: കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സാമൂഹ്യ മാധ്യമത്തില്‍ വിമര്‍ശനമുന്നയിച്ചതിന് ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.

കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നുവരികയാണെന്ന് ഋഷി പല്‍പ്പു പറഞ്ഞു. കെപിസിസി പ്രസിഡണ്ടായി നിയമിതനായ കെ സുധാകരന് ഋഷി പല്‍പ്പു സാമൂഹ്യ മാധ്യമത്തിലൂടെ ആശംസ നേര്‍ന്നിരുന്നു.

ജനാധിപത്യത്തിന് കരുത്ത് പകരാന്‍ അതികായന്‍മാര്‍ പ്രതിപക്ഷത്തിന്റെ നേതൃനിരയില്‍ എത്തേണ്ടതുണ്ട്. കോണ്‍ഗ്രസിന് ഉണര്‍വുനല്‍കാന്‍ സുധാകരന്റെ നേതൃത്വത്തിന് കഴിയട്ടേയെന്നുമാണ് ഋഷി പല്‍പ്പുവിന്റെ പോസ്റ്റ്.

ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന്് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം കെ സുധാകരന്‍ തന്നെ ഋഷി പല്‍പ്പുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.