പാറ്റ്ന: ബീഹാറിലെ രണ്ട് നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും ആര്‍ജെഡിയും വെവ്വേറെ മത്സരിക്കുന്നു. രണ്ട് മണ്ഡലങ്ങളിലും മത്സരിക്കാനുള്ള ആര്‍ജെഡി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നിലപാട്.
കുശ്വേശര്‍ അസ്താന്, താരാപൂര്‍ മണ്ഡലങ്ങളിലേക്കാണ് ഒക്ടോബര്‍ 30ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2020ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് കുശ്വേശര്‍ അസ്താന്. ഉപതെരഞ്ഞെടുപ്പില്‍ ഈ സീറ്റ് കോണ്‍ഗ്രസിന് മത്സരിക്കുവാന്‍ നല്കാന് ആര്‍ജെഡി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് രണ്ട് സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ രാഷ്ട്രീയമായി ഇടപെട്ടതിന്റെ ഊര്‍ജ്ജം കൂടി ഒറ്റക്ക് മത്സരിക്കുവാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നു. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന കനയ്യകുമാര്‍, ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേല്‍ എന്നിവരെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ശത്രുഘ്നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, മീര കുമാര്‍ എന്നിവരും കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയിലുണ്ട്.
‘എന്‍ഡിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും പരാജയങ്ങളും ജനമധ്യത്തില്‍ തുറന്നുകാണിക്കാനാണ് കനയ്യ, ജിഗ്നേഷ്, ഹര്‍ദിക് എന്നിവര്‍ക്ക് പാര്‍ട്ടി നല്‍കിയിട്ടുള്ള ഉത്തരവാദിത്വം. ഇവരെല്ലാവരും ക്രൗഡ് പുള്ളേഴ്സാണ്’ പേര് വെളിപ്പെടുത്താനിഷ്ടപ്പെടാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഈ തന്ത്രം വിജയിക്കുകയാണെങ്കില്‍ യു.പി തെരഞ്ഞെടുപ്പിലും മറ്റ് തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെയും കോണ്‍ഗ്രസ് താരപ്രചാരകരാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ അദ്ധ്യക്ഷന്‍ ഇമ്രാന് പ്രതാപ്ഗര്‍ഗി, മുന്‍ എംപി താരിഖ് അന്‍വര്‍, മുന്‍ എംപി ഡോ ഷക്കീല്‍ അഹമ്മദ്, മുഹമ്മദ് ജാവേദ് എംപി, ഷക്കീല്‍ അഹമ്മദ് ഖാന് എംഎല്‍എ, ഷക്കീല്‍ ഉസ്മാന് അന്‍സാരി എന്നിവരാണവര്‍.
കനയ്യകുമാറിന്റെ വരവോടെ ബീഹാറില്‍ ആര്‍ജെഡിയുടെ പിന്തുണയില്ലാതെ തന്നെ സ്വന്തം ശക്തി കൂട്ടണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അത്തരമൊരു നീക്കത്തിന് സംസ്ഥാനത്ത് സാധ്യതയുണ്ടോ എന്നും ഈ തെരഞ്ഞെടുപ്പ് ഫലം പറയും.