ജോജു വിവാദം: ടോണി ചമ്മണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളോട് കീഴടങ്ങാന്‍ ഡിസിസി; സ്‌റ്റേഷനിലേക്ക് ജാഥയായെത്തും

കൊച്ചി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വൈകീട്ട് കീഴടങ്ങും. മുന്‍മേയര്‍ ടോണി ചമ്മണിയടക്കമുള്ള ആറ് നേതാക്കളോട് കീഴങ്ങാന്‍ എറണാകുളം ഡിസിസി ആവശ്യപ്പെട്ടു. വിവാദം നീണ്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്.

പ്രതിഷേധത്തിനിടെ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തെന്ന പരാതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നതില്‍ ബാക്കിയുള്ളവരാണ് ഇന്ന് കീഴങ്ങുന്നത്.

മരട് കൊട്ടാരം റോഡില്‍നിന്ന് ജാഥയായി പൊലീസ് സ്റ്റേഷനിലെത്തിയാവും കീഴടങ്ങല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാക്കനാട് ജയിലിന് സമീപത്ത് ഒത്തുകൂടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ റിമാന്‍ഡില്‍ പോകേണ്ടിവരും. നേരത്തെ അറസ്റ്റിലായവര്‍ നിലവില്‍ റിമാന്‍ഡിലാണ്.

ജോജുവുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീര്‍പ്പുചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും നേതാക്കള്‍ പരസ്യമായി മാപ്പുപറയണമെന്ന കടുംപിടുത്തത്തില്‍ നടന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. സമവായചര്‍ച്ചകള്‍ പാളിയതിന് പിന്നില്‍ സിപിഐഎം ഇടപെടലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.