കോണ്‍ഗ്രസുകാര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതല്ല; ജോജു ഫേസ്ബുക്ക് അക്കൗണ്ട് സ്വയം നീക്കം ചെയ്തത്

വൈറ്റിലയിലെ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതികരണം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പേജ് നിര്‍ജീവമാക്കി നടന്‍. ജോജുവിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും സമൂഹമാധ്യമങ്ങളില്‍ വാക് പോര് തുടരുന്നതിനിടെയാണ് നടന്റെ ഔദ്യോഗിക പേജ് അപ്രത്യക്ഷമായത്. ഇതിനേത്തുടര്‍ന്ന് ജോജുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. സജീവമായിരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നീക്കം ചെയ്യപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്യുകയാണുണ്ടായതെന്ന് ജോജുവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ മനസില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവെയ്‌ക്കേണ്ട ആവശ്യമില്ലെന്നും ജോജു പറഞ്ഞതായി വാര്‍ത്തയുണ്ട്.

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച്ച വൈറ്റിലയില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉപരോധം മൂലം വാഹനഗതാഗതം തടസപ്പെട്ടു. യാത്ര തടസപ്പെടുത്തിയെന്നാരോപിച്ച് നടന്‍ ജോജു ജോര്‍ജ് വണ്ടിയില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ചു. കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന കുട്ടിയും സ്‌കാനിങ്ങിന് പോകുന്ന ഗര്‍ഭിണിയും ബ്ലോക്കില്‍ പെട്ടു കിടക്കുന്നത് കണ്ടെന്ന് ജോജു പറഞ്ഞു. വഴി തടഞ്ഞ് സമരം ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചതോടെ ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. ബ്ലോക്കില്‍ കിടന്നവരില്‍ ചിലരും സമരത്തെ അനുകൂലിച്ച് പ്രതികരണങ്ങള്‍ നടത്തി. ഇതോടെ ജനക്കൂട്ടം രണ്ടായി തിരിഞ്ഞു. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. ജോജുവിന്റെ വണ്ടി സമരക്കാര്‍ തടഞ്ഞു. എസ്‌ഐ ജോജുവിന്റെ കാറിന് അകത്ത് കയറിയാണ് വാഹനം കടത്തിവിട്ടത്. ഇതിനിടെയാണ് നടന്റെ 80 ലക്ഷത്തിലധികം വിലയുള്ള റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് തകര്‍ന്നത്.

വാഹനം തകര്‍ത്തെന്ന കേസില്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു. മരട് പൊലീസില്‍ ജോജു നല്‍കിയ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോജുവിന്റേയും വാഹനത്തിലുണ്ടായിരുന്നവരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നേതാക്കളെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്. അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.