അന്ന് റൊണാള്‍ഡോ നാണം കെടുത്തിവിട്ടു, ചെറുതാക്കി; ഇന്ന് പറങ്കിക്കപ്പിത്താന്റെ വലയിലേക്ക് ഒരു ഗോളും അസിസ്റ്റും

രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മനി യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയപ്പോള്‍ ഫുട്‌ബോള്‍ ലോകം ഒരു മധുര പ്രതികാരത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. ജര്‍മന്‍ വിങ് ബാക് റോബിന്‍ ഗോസെന്‍സായിരുന്നു ഇന്ന് കളിയിലെ താരം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച ടീമിനെതിരെ ഒരു ഗോളും അസിസ്റ്റും. ജര്‍മനിയ്ക്ക് അനുകൂലമായി ഭവിച്ച നാല് ഗോളുകളിലും ഗോസെന്‍സിന്റെ ഇടപെടലുണ്ടായിരുന്നു.

ഗോസെന്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍

ടീമിന് നല്‍കിയ സംഭാവനയ്‌ക്കൊപ്പം കരിയറില്‍ തനിക്കേറ്റ ഒരു അപമാനത്തിനും കൂടി ഗോസെന്‍സ് മറുപടി പറഞ്ഞു. ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റയ്ക്ക് വേണ്ടിയാണ് ഗോസെന്‍സ് കളിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ യുവന്റസുമായുള്ള ഒരു മത്സരശേഷം തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോയോട് ഗോസെന്‍സ് ചോദിച്ചു. ‘ക്രിസ്റ്റ്യാനോ താങ്കളുടെ ജേഴ്‌സി എനിക്ക് തരുമോ?’ മൂഡ് ശരിയല്ലാത്തതോ കളിക്കിടയിലെ പെരുമാറ്റമോ, എന്താണെന്നറിയില്ല റൊണാള്‍ഡോ നോ പറഞ്ഞു. അതും ഗോസെന്‍സിന്റെ മുഖത്ത് പോലും നോക്കാതെ.

ഞാനാകെ ചമ്മി, നാണം കെട്ടുപോയി. ഞാന്‍ മാറിപ്പോയി. ഞാന്‍ ചെറുതായിപ്പോയതുപോലെ എനിക്ക് തോന്നി.

റോബിന്‍ ഗോസെന്‍സ്

റൊണാള്‍ഡോയുമായുള്ള മുന്‍പത്തെ കണ്ടുമുട്ടലില്‍ തല താഴ്ത്തിയാണ് കളം വിട്ടതെങ്കില്‍ ഇന്നത്തെ കൂടിക്കാഴ്ച്ചയില്‍ ഗോസെന്‍സ് തല വാനോളമുയര്‍ത്തിപ്പിടിച്ചു. സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് അലയന്‍സ് അരീനയിലെ ജര്‍മന്‍ ആരാധകര്‍ ഗോസെന്‍സിനോടുള്ള സ്‌നേഹമറിയിച്ചത്. ഇന്നത്തെ പ്ലെയര്‍ റേറ്റിങ്ങില്‍ അഞ്ച് തവണ ബാലന്‍ഡിയോര്‍ നേടിയ താരത്തേക്കാളും ഒരു പോയിന്റ് മുന്നിലാണ് ഗോസെന്‍സ്. ക്രിസ്റ്റിയാനോക്ക് പത്തില്‍ എട്ട് എങ്കില്‍ ജര്‍മന്‍ താരത്തിന് പത്തില്‍ ഒമ്പത് പോയിന്റുണ്ട്. മാന്‍ ഓഫ് ദ മാച്ചും ഗോസെന്‍സ് തന്നെ.

ക്രിസ്റ്റ്യാനോ 15-ാം മിനുട്ടിലെ ബോക്‌സ് ടു ബോക്‌സ് സ്പ്രിന്റിലൂടെ നേടിയ ലീഡ് 35-ാം മിനുട്ടിലെ സെല്‍ഫ് ഗോളിലൂടെ പോര്‍ച്ചുഗലിന് നഷ്ടപ്പെടുകയായിരുന്നു. റൂബന്‍ ഡയസിന്റെ സെല്‍ഫ് ഗോളിന് പിന്നാലെ 39-ാം മിനുട്ടില്‍ റഫേല്‍ ഗുരേറോയുടെ ഔണ്‍ ഗോള്‍. തിരിച്ചുവരവിനുള്ള പോര്‍ച്ചുഗീസ് ശ്രമത്തിനിടെ 51-ാം മിനുട്ടില്‍ കൈ ഹവേട്‌സ് വലകുലുക്കി. റോബിന്‍ ഗോസെന്‍സ് 60-ാം മിനുട്ടില്‍ ജര്‍മന്‍ ലീഡ് വീണ്ടുമുയര്‍ത്തി. ഡിയഗോ ജോട്ടയിലൂടെ 67-ാം മിനുട്ടില്‍ ഗോളന്തരം കുറച്ചെങ്കിലും പോര്‍ച്ചുഗല്‍ തിരിച്ചുവരാനാകാത്ത വിധം പിന്നിലായിരുന്നു.

പോര്‍ച്ചുഗലിന്റെ തോല്‍വിയോടെ മരണ ഗ്രൂപ്പായ എഫില്‍ അതിജീവനം ദുഷ്‌കരമായിരിക്കുകയാണ് ഓരോ ടീമിനും. നിലവില്‍ ഒരു ജയവും സമനിലയുമുള്ള ഫ്രാന്‍സാണ് ഭേദപ്പെട്ട നിലയിലുള്ളത്. പോര്‍ച്ചുഗല്‍ ജര്‍മനിയോട് തോല്‍ക്കുകയും ഹംഗറിയോട് ജയിക്കുകയും ചെയ്തു. ഫ്രാന്‍സിനോടേറ്റ തോല്‍വി ജര്‍മനിക്കും തിരിച്ചടിയായി. ഫ്രാന്‍സിനെ സമനിലയില്‍ കുരുക്കിയ ഹംഗറി ചെറുത്തുനില്‍പിന്റെ സന്ദേശമാണ് ഇനിയുള്ള എതിരാളിക്ക് നല്‍കുന്നത്. ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഹംഗറിയോട് തോറ്റാല്‍ ജര്‍മനി യൂറോയില്‍ നിന്ന് പുറത്താകും.