ഒളിംപിക്സിൽ തോറ്റു പുറത്തായ അർജിന്റീനയ്ക്ക് റ്റാറ്റ കൊടുത്ത് ബ്രസീലിയൻ സ്ക്വാഡ്; റിച്ചാർലിസണും സംഘത്തിനുമെതിരെ ഡീ പോളും മാർട്ടിനെസും

കോപ്പ അമേരിക്ക ഫൈനലിലെ വാശി സോഷ്യൽ മീഡിയയിൽ പരിഹാസവും പോർവിളികളുമായി തുടർന്ന് ബ്രസീൽ – അർജന്റീന താരങ്ങൾ. ഒളിപിംക്സ് ഫുട്ബോളിൽ നിന്ന് അർജന്റീന പുറത്താകുകയും ബ്രസീൽ ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തതോടെയാണ് അടി തുടങ്ങിയത്. റിട്ടേൺ ടിക്കറ്റെടുത്ത അർജന്റീനിയൻ സ്ക്വാഡിനെ പരിഹസിച്ച് ബ്രസീലിയൻ മിഡ്ഫീൽഡർ ഡ​​ഗ്ലസ് ലൂയിസ് ഒരു ബൂമറാങ്ങ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. സ്പെയിൻ-അർജന്റീന മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയ സമയത്തെ മൈതാനം പശ്ചാത്തലമാക്കിയുള്ള ഒരു ചിത്രമാണ് ആസ്റ്റൺ വില്ല താരം പങ്കുവെച്ചത്. റിച്ചാർലിസൺ, മത്തേയൂസ് കന്ന, റെയ്നിയർ ജീസസ് എന്നിവർ കൈ വീശിക്കാണിക്കുന്ന ​ഗ്രൂപ്പ് സെൽഫിക്കൊപ്പം “ചൗ ഹെർമാനിറ്റോസ്” (ബൈ കൊച്ചനിയൻമാരെ) എന്നുകൂടി ഡ​ഗ്ലസ് ലൂയിസ് എഴുതി. പല അർജന്റീനിയൻ താരങ്ങളുടേയും നോട്ടപ്പുള്ളിയായ റിച്ചാർലിസൺ ഇത് റീപോസ്റ്റ് ചെയ്തു. സ്ക്രീൻ ഷോട്ട് മറ്റ് സമൂഹമാധ്യമങ്ങളിലുമെത്തിയതോടെ വാർത്തയുമായി.

അർജന്റീനിയൻ മിഡ്ഫീൽഡർ റൊഡ്രീ​​ഗോ ഡീപോളാണ് റിച്ചാർലിസണിനോട് ആദ്യം പ്രതികരിച്ചത്. ബ്രസീൽ തോറ്റ കോപ്പ ഫൈനലിൽ മൈതാനത്തിരിക്കുന്ന റിച്ചാർലിസണിന് നേരെ താൻ കൈ ചൂണ്ടുന്ന ചിത്രം ഡീ പോൾ സ്റ്റോറിയാക്കി. പിന്നീട് അത് ഡിലീറ്റ് ചെയ്തു.

ആസ്റ്റൺ വില്ലയിൽ ഡ​ഗ്ലസ് ലൂയിസിന്റെ സഹകളിക്കാരൻ കൂടിയായ അർജന്റീനിയൻ ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് പോര് ഏറ്റെടുത്തു. റ്റാറ്റ പറഞ്ഞുള്ള ചിത്രത്തിന് താഴെ അർജന്റീന കോപ്പ കിരീടം ഉയർത്തി നിൽക്കുന്ന ചിത്രം മാർട്ടിനെസ് സ്റ്റോറിയാക്കി പോസ്റ്റ് ചെയ്തു.

2019ലെ കോപ്പ ട്രോഫിയിൽ ചുംബിക്കുന്ന ഇമേജിട്ട് റിച്ചാർലിസണിന്റെ മറുപടി.

അർജന്റീനയേക്കാൾ ലോകകപ്പ് ഞങ്ങൾക്കുണ്ടെന്ന് കാണിച്ച് പെലെ വേൾഡ് കപ്പുകളുമായി നിൽക്കുന്ന ചിത്രം കൂടി ബ്രസീലിയൻ ഏഴാം നമ്പർ ഷെയർ ചെയ്തു.

കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് അർജന്റീനിയൻ ഫുട്ബോൾ ടീമിനെ പ്രകോപിപ്പിക്കുന്ന പരാമർശങ്ങൾ റിച്ചാർലിസൺ നടത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ യുദ്ധത്തിന് തുടക്കം. ഒളിംപിക്സിലെ ആദ്യകളിയിൽ ബ്രസീൽ ജർമനിയെ 4-2ന് തോൽപിച്ചപ്പോൾ റിച്ചാർലിസണെ പ്രശംസിച്ച് പ്രശസ്ത കായിക മാധ്യമമായ ടൈക് സ്പോർട്സ് രം​ഗത്തെത്തിയിരുന്നു. കോപ്പ ഫൈനലിൽ ഇതൊന്നും കണ്ടില്ലല്ലോ എന്ന പരിഹസിച്ച് ലിയാൻഡ്രോ പർദേസ് റിച്ചാർലിസൺ മുഖം പൊത്തി കരയുന്ന ചിത്രമിട്ടു. ജിയോവാനി ലോച്ചെൽസോയും ഏയ്ഞ്ചൽ ഡി മരിയയും ഈ ട്രോളിന് ലൈക്കടിക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായിട്ടാണ് റിച്ചാർലിസണും സംഘവും ആൽബിസെലസ്റ്റകളെ ടോക്കിയോയിൽ നിന്ന് ടാറ്റ നൽകി വിട്ടത്.