ചെന്നൈ: മദ്യം കലര്‍ത്തിയ ഐസ്ക്രീം വിഭവങ്ങള്‍ വിളമ്പിയിരുന്ന കോയമ്പത്തൂരിലെ കഫെ ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി മുദ്ര വെച്ചു. കോയമ്പത്തൂര്‍ ലക്ഷ്മി മില്‍സ് ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ‘റോളിങ് ഡഫ് കഫേ’ ആണ് അടച്ചത്.
ഇവിടെ വിദേശമദ്യം കലര്‍ത്തിയ ഐസ്ക്രീം വിഭവങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്മണ്യത്തിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഫെയില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. കഫെയിലെ അടുക്കളയില്‍ നിന്ന് രണ്ട് കുപ്പി മദ്യം പിടിച്ചെടുത്തു.
മദ്യം ഉപയോഗിച്ച് തയ്യാറാക്കുന്ന ചില വിഭവങ്ങള്‍ ഇവിടെ നല്‍കിയിരുന്നു. കഫെയുടെ മെനു ബുക്കില്‍ മദ്യം ഉപയോഗിച്ചാണ് ഈ വിഭവങ്ങള്‍ തയ്യാറാക്കുന്നതെന്ന് സൂചിപ്പിച്ചിരുന്നുവെന്നും പരിശോധന സംഘാംഗം പറഞ്ഞു.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മദ്യത്തോടൊപ്പം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു അടുക്കള.
കഫെയില്‍ ജോലി ചെയ്യുന്നവര്‍ മാസ്കുകളോ ഗ്ലൗസുകളോ ഉപയോഗിച്ചിരുന്നില്ല. ലൈസന്‍സും പ്രദര്‍ശിപ്പിച്ചിരുന്നില്ല. സാമ്പിളുകള്‍ ശേഖരിച്ചതിന് ശേഷമാണ് കട അടച്ചുപൂട്ടിയത്. കടയുടെ ലൈസന്‍സും റദ്ദാക്കി.