മരണഗ്രൂപ്പില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം; ഇരട്ടഗോളിനൊപ്പം പുതിയ റെക്കോഡിട്ട് റോണോ; ഹംഗറിപ്പൂട്ട് പൊളിച്ചത് അവസാന പത്ത് മിനുട്ടില്‍

മരണഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയത്തോടെ തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാംപ്യന്‍മാര്‍ ആതിഥേയരായ ഹംഗറിയെ പരാജയപ്പെടുത്തിയത്. ബുഡാപെസ്റ്റിലെ ഫെറങ്ക് പുഷ്‌കാസ് അരീനയില്‍ ഹംഗറി പുറത്തെടുത്ത കടുത്ത പ്രതിരോധം കളി ഗോള്‍ രഹിത സമനിലയിലെത്തിക്കുമെന്ന് തോന്നിച്ചു. പക്ഷെ, അവസാന പത്ത് മിനുറ്റില്‍ റോണോയും സംഘവും പൂട്ട് പൊളിച്ചു. 83-ാം മിനുറ്റില്‍ പോര്‍ച്ചുഗലിന്റെ ലെഫ്റ്റ് ഫുള്‍ ബാക്ക് റാഫേല്‍ ഗുരേറോയാണ് ഹംഗേറിയന്‍ ബോക്‌സില്‍ പ്രവേശിച്ച് ലീഡ് നേടിയത്.

പകരക്കാരനായിറങ്ങിയ റെനറ്റോ സാഞ്ചസിന്റെ മുന്നേറ്റം പെനാല്‍റ്റിയായി (87′). റൊണാള്‍ഡോയുടെ കിക്ക് അനായാസേന ലക്ഷ്യം കണ്ടു. അധികസമയത്തെ രണ്ടാം മിനുറ്റില്‍ ക്രിസ്റ്റിയാനോയുടെ രണ്ടാം ഗോളെത്തി. 2018 റഷ്യന്‍ വേള്‍ഡ് കപ്പില്‍ സോച്ചി സ്‌റ്റേഡിയത്തില്‍ സ്‌പെയിനെതിരെ നേടിയ ഹാട്രിക്കിന്റെ മൂന്നാം വാര്‍ഷികത്തില്‍ പറങ്കിക്കപ്പിത്താന് ഇരട്ടഗോള്‍ നേട്ടം.

കരിയറിലെ 106-ാമത് ഇന്റര്‍നാഷണല്‍ ഗോളിനൊപ്പം യൂറോയിലെ ഏക്കാലത്തേയും ടോപ് സ്‌കോറര്‍ എന്ന പദവികൂടിയാണ് സിആര്‍7 നേടിയത്. 11 ഗോളുകളാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്റെ യൂറോ ടൂര്‍ണമെന്റ് സമ്പാദ്യം. പോര്‍ച്ചുഗലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ (106) നേടിയ കളിക്കാരന്‍, അഞ്ച് യൂറോ കപ്പ് ടൂര്‍ണമെന്റുകള്‍ കളിക്കുന്ന ആദ്യ താരം, തുടര്‍ച്ചയായി അഞ്ച് ടൂര്‍ണമെന്റുകള്‍ കളിക്കുന്ന താരം എന്നീ റെക്കോഡുകള്‍ കൂടി ക്രിസ്റ്റിയാനോ സ്വന്തമാക്കി.

മൂന്ന് ഗോളിന്റെ മാര്‍ജിനില്‍ തോറ്റെങ്കിലും എളുപ്പം കീഴടങ്ങുന്നവരല്ല തങ്ങള്‍ എന്ന സൂചന ഹംഗറി ഫ്രാന്‍സിനും ജര്‍മനിക്കും നല്‍കിയിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളിലെ ഗ്ലാമര്‍ താരങ്ങളും 69 ശതമാനം പന്തടക്കവുമായി പോര്‍ച്ചുഗല്‍ തുടരെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഹംഗേറിയന്‍ പ്രതിരോധനിര ലക്ഷ്യം കാണാന്‍ അനുവദിച്ചിരുന്നില്ല. ഉയരക്കാരായ ഡിഫന്‍ഡര്‍മാര്‍ ബോക്‌സില്‍ നിലയുറപ്പിച്ചതോടെ ഹൈ ബോളുകള്‍ അവസരമാക്കാന്‍ റൊണാള്‍ഡോയടങ്ങുന്ന മുന്നേറ്റനിര വിഷമിച്ചു. ഹംഗേറിയന്‍ സെന്റര്‍ ബാക് വില്ലി ഓര്‍ബനും സംഘത്തിനുമിടയില്‍ ആദ്യപകുതിയില്‍ പന്ത് കിട്ടാതെ റൊണാള്‍ഡോ അലഞ്ഞു. ഒരു ഓപ്പണ്‍ പോസ്റ്റുള്‍പ്പെടെ ഫസ്റ്റ് ഹാഫിലെ രണ്ട് ചാന്‍സുകള്‍ ഗോളാക്കാന്‍ റോണോയ്ക്ക് കഴിയാതിരുന്നത് പോര്‍ച്ചുഗീസ് ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചു തുടങ്ങിയിരുന്നു. ആദ്യപകുതിയില്‍ ഒന്നോ രണ്ടോ മിന്നലാക്രമണം നടത്തിയ ഹംഗറി രണ്ടാം പകുതിയില്‍ കളി വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.

പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് അവസാന പാദത്തില്‍ നടത്തിയ സബ്സ്റ്റിറ്റിയൂട്ടുകളാണ് കളിയുടെ ഗതി മാറ്റിയത്. മരണഗ്രൂപ്പ് മത്സരത്തില്‍ മൂന്ന് പോയിന്റ് നേടിയ ആത്മവിശ്വാസത്തോടെ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനേയും ജര്‍മനിയേയും നേരിടും.