‘സര്‍ക്കാരിന്റെ ആദ്യ അഴിമതി ഈടുറ്റത്’; വയനാട്ടിലെ വനം കൊള്ളക്കാരുമായി മന്ത്രി ശശീന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് പ്രതിപക്ഷം

വയനാട്ടില്‍ ഈട്ടിത്തടി വനംകൊള്ള നടത്തിയവരുമായി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രഹസ്യചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷം. ഈ സര്‍ക്കാരിന്റേതായി ആദ്യം പുറത്തുവന്നിരിക്കുന്ന അഴിമതി ഗുരുതരവും ഈടുറ്റതുമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് പരിഹസിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈട്ടി പിടികൂടി, കുറ്റവാളികളെ പിടിക്കാന്‍ ശക്തമായ നീക്കം നടത്തുമ്പോഴാണ് ഉന്നതങ്ങളില്‍ നിന്ന് ഇടപെട്ട് അറസ്റ്റ് ഒഴിവാക്കാനും ഈട്ടിമരം കടത്തിക്കൊണ്ടുപോകാനും ഇപ്പോള്‍ അവസരമൊരുക്കിയിരിക്കുന്നത്. വനംകൊള്ളക്കാര്‍ക്ക് വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയതായി വിവരമുണ്ടെന്നും പിടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇപ്പോഴത്തെ വനംവകുപ്പ് മന്ത്രിയെ വനംകൊള്ളക്കാര്‍ എറണാകുളത്ത് വെച്ച് നേരിട്ട് കണ്ട് സംസാരിച്ചെന്ന വിശ്വസനീയമായ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് ശരിയാണോയെന്ന് മന്ത്രി വ്യക്തമാക്കണം.

പി ടി തോമസ്

കോടികളുടെ വനംകൊള്ളയ്ക്ക് നേതൃത്വം കൊടുത്തവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പറഞ്ഞു. 505 ക്യുബിക് മീറ്ററുള്ള ഈട്ടിമരമുള്‍പ്പെടെ മുറിച്ചെടുത്ത് വ്യാപകമായി വനംകൊളള നടത്തിയതിലൂടെ അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രാഥമികമായ എല്ലാ വിവരങ്ങളും ലഭ്യമായിട്ടും നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് വിമുഖത കാണിക്കുന്നു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

എന്താണ് മുട്ടില്‍ മരംമുറി കേസ്?

വയനാട് മുട്ടില്‍ സൗത്ത് വില്ലേജ് പരിധിയില്‍ നിന്ന് അനധികൃതമായി വന്‍ തോതില്‍ ഈട്ടിമരങ്ങള്‍ മുറിച്ചുമാറ്റിയതാണ് കേസിനും വിവാദത്തിനും ആധാരം. 42 പേരുടെ പട്ടയഭൂമിയില്‍ നിന്നായി 505 ക്യുബിക് മീറ്റര്‍ മരങ്ങളാണ് മുറിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുളള വൃക്ഷങ്ങളാണ് മുറിച്ച് 15 കോടിയിലധികം വിലമതിക്കുന്ന തടിയാക്കി മാറ്റിയത്. 2020 ഒക്ടോബര്‍ 24ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വ്യാപകമായ മരംമുറിക്കലും കടത്തലും. കൃത്യതയില്ലാതിരുന്ന ഉത്തരവ് മൂന്ന് മാസത്തിനകം സര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിന്റെ മറവില്‍ തടി ലോബി 460 മരങ്ങള്‍ മുറിച്ചിട്ടു. ഇതേ ഉത്തരവ് ബാധകമായ വയനാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ സാധാരണ കര്‍ഷകരുടെ സ്ഥലത്ത് വീടുകള്‍ക്കും കൃഷിക്കും ഭീഷണിയായ ഈട്ടിമരങ്ങള്‍ മുറിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. റവന്യൂ വീട്ടിമരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് ഏറെപ്പേര്‍ നിവേദനം നല്‍കി വര്‍ഷങ്ങളോളം അനുമതി കാത്തിരിക്കവെയാണ് മറ്റൊരു കൂട്ടര്‍ അതിവേഗം മരംമുറിച്ച് കടത്തിയത്.

ഫെബ്രുവരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാവൂരില്‍ നിന്ന് 13 ക്യുബിക് മീറ്റര്‍ മരം പിടിച്ചതോടെയാണ് വയനാട്ടിലെ മരംകൊള്ള പുറത്തറിയുന്നത്. തടി ലോബി മുറിച്ച 192 ക്യുബിക് മീറ്റര്‍ ഈട്ടിമരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടി കുപ്പാടി ടിംബര്‍ സെയില്‍സ് ഡിപ്പോയിലെത്തിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് പ്രധാനപ്രതികള്‍. സഹോദരങ്ങളായ ഇരുവരും ആസൂത്രണം ചെയ്ത് നടപ്പാക്കിയ മരംമുറിക്കലിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി ആരോപണമുയര്‍ന്നു. കൊള്ള നടത്തിയവരെ കുടുക്കാനും പ്രതികള്‍ക്ക് സഹായക നിലപാടെടുക്കാനും ഉന്നതങ്ങളില്‍ നിന്ന് നീക്കമുണ്ടായി. ഈട്ടിക്കൊള്ള പിടികൂടിയ ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കമുണ്ടായെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന തന്നെ ആരോപിക്കുന്നു.

പി ടി തോമസിന്റെ പ്രതികരണം

“സര്‍ക്കാരും മന്ത്രിയും പിണിയാളുകളും ഉള്‍പ്പെട്ട കേസായതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം ഫലപ്രദമാകില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഈ സര്‍ക്കാരിന്റെ ആദ്യത്തെ അഴിമതി തന്നെ ഈടുറ്റ അഴിമതിയാണ്. ഈട്ടിത്തടി ഈടുറ്റ മരമാണ്. വനം കൊള്ള അവസാനിപ്പിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനം. ഇങ്ങനെയാണോ സര്‍ക്കാര്‍ വനംകൊള്ള അവസാനിപ്പിക്കുന്നത്. വയനാട് ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ ഈട്ടിമരങ്ങള്‍ വനംകൊള്ളക്കാര്‍ക്ക് മുറിച്ച് കടത്തിക്കൊണ്ടുപോകാന്‍ മന്ത്രി ഒത്താശ ചെയ്തിട്ടുണ്ടോ? അതോ കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയാണോ അതിന് കൂട്ടുനിന്നത്? സിപിഐയുടെ കൈയ്യിലിരുന്ന വകുപ്പ് ഏറ്റെടുക്കാന്‍ തിടുക്കം കാണിച്ചെന്നാണ് വാര്‍ത്തകള്‍. ഈ അഴിമതിയുമായി വകുപ്പ് മാറ്റത്തിന് ബന്ധമുണ്ടോയെന്ന് മുന്‍മന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കണം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈട്ടി പിടികൂടി, കുറ്റവാളികളെ പിടിക്കാന്‍ ശക്തമായ നീക്കം നടത്തുമ്പോഴാണ് ഉന്നതങ്ങളില്‍ നിന്ന് ഇടപെട്ട് അറസ്റ്റ് ഒഴിവാക്കാനും ഈട്ടിമരം കടത്തിക്കൊണ്ടുപോകാനും ഇപ്പോള്‍ അവസരമൊരുക്കിയിരിക്കുന്നത്. ഇപ്പോഴത്തെ വനംവകുപ്പ് മന്ത്രിയെ വനംകൊള്ളക്കാര്‍ എറണാകുളത്ത് വെച്ച് നേരിട്ട് കണ്ട് സംസാരിച്ചെന്ന വിശ്വസനീയമായ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് ശരിയാണോയെന്ന് മന്ത്രി വ്യക്തമാക്കണം.

ഈ ഉറപ്പുള്ള അഴിമതി കണ്ടുപിടിച്ച് നടപടിയെടുക്കാനുള്ള ആര്‍ജവം സര്‍ക്കാരിനുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്. അഴിമതിയുമായി ബന്ധപ്പെട്ട് വനംകൊള്ളക്കാര്‍ മന്ത്രിയുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തെന്ന് വിവരങ്ങളുണ്ട്. ഇങ്ങനെയുള്ളവരെ കൂട്ടിയാണോ എല്‍ഡിഎഫ് വികസിപ്പിക്കുന്നതെന്ന് ഇടതുമുന്നണിയുടെ കണ്‍വീനര്‍ വ്യക്തമാക്കണം.”