തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പി മുന്നണി വിട്ടേക്കുമെന്ന് സൂചന. യുഡിഎഫ് യോഗങ്ങളില്നിന്ന വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെ ഉഭയകകക്ഷി ചര്‍ച്ച നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചിരിക്കുന്നത്.
മുന്നണിക്കുള്ളില്‍ തോല്‍വി സംബന്ധിച്ച ഉഭയകകക്ഷി ചര്‍ച്ച നടത്തണമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെത്തന്നെ ആര്‍എസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുഡിഎഫ് യോഗത്തിന് ശേഷമാവാം ഉഭയകകക്ഷി ചര്‍ച്ചയെന്ന നിലപാടിലാണ് യുഡിഎഫ്. ഇതോടെയാണ് യുഡിഎഫ് യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് ആര്‍എസ്പി കടന്നിരിക്കുന്നത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുന്നണിയെ ബാധിച്ചേക്കുമെന്ന ആശങ്ക ആര്‍എസ്പി സംസ്ഥാന സെക്രട്ടറി അസീസ് കഴിഞ്ഞ ദിവസം പങ്കുവെക്കുകയും ചെയ്തിരുന്നു.
ആര്‍എസ്പി മുന്നണി വിട്ടേക്കുമെന്ന സൂചനയും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. യുഡിഎഫ് തെറ്റുതിരുത്തണമെന്നും ഇപ്പോഴത്തെ രീതികള്‍ ശുഭകരമാവില്ലെന്നും വ്യക്തമാക്കി ജൂലൈ 28ന് ആര്‍എസ്പി യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കത്ത് നല്കി 40 ദിവസമായിട്ടും യുഡിഎഫ് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനോ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനോ തീരുമാനങ്ങളെടുക്കാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് നീക്കമെന്ന് ആര്‍എസ്പി അറിയിച്ചു. തുടര്‍ന്നുള്ള പാര്‍ട്ടിയുടെ തീരുമാനങ്ങളെക്കുറിച്ച് സെപ്തംബര്‍ നാലിന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.
അതേസമയം, യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള ആര്‍എസ്പിയുടെ തീരുമാനമറിഞ്ഞതിന് പിന്നാലെ ചര്‍ച്ചയാകാമെന്ന നിലപാടിലെത്തിയിരിക്കുകയാണ് മുന്നണി നേതാക്കള്‍.