നാഗ്പൂര്‍: രാജ്യത്തെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ആര്.എസ്.എസ്. ഈ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ലെന്നും അവ രാജ്യത്തെ നശിപ്പിക്കുമെന്നും ആര്.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വിജയദശമിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കപ്പെടണം. കൊവിഡ് മഹാമാരിക്ക് ശേഷം ഓരോ കൊച്ചുകുട്ടികളുടെയും കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിച്ചു. അതില്‍ കാണുന്നവയ്ക്ക് നിയന്ത്രണങ്ങളില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഇന്ത്യയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു. പാകിസ്താനില്‍ തോക്കുപയോഗത്തിന് പരിശീലനം നല്കുന്നു. ചില അതിര്‍ത്തി രാജ്യങ്ങള്‍ അവ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം പണം ഇന്ത്യയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണൈന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ക്രിപ്റ്റോ കറസന്സികള്ക്കെതിരെയും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശനമുന്നയിച്ചു. രഹസ്യ സ്വഭാവമുള്ള, ബിറ്റ് കോയിന് പോലുള്ള അനിയന്ത്രിതമായ കറന്‍സികള്‍ക്ക് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും ഗുരുതര വെല്ലുവിളികള്‍ ഉയര്‍ത്താനും സാധിക്കും. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നത് വരെ സമൂഹം കാത്തിരിക്കേണ്ട കാര്യമില്ല. മൂല്യങ്ങള്‍ കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് തന്നെ നല്‍കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.