രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വൈറസിന്റെ ഒന്നാം തരംഗത്തില്‍ എല്ലാ മേഖലയിലുമുണ്ടായ അശ്രദ്ധയാണ് രാജ്യത്തെ ആരോഗ്യ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചത്. സര്‍ക്കാരുകളും ജനങ്ങളും ഭരണകൂടങ്ങളും അലംഭാവം കാണിച്ചെന്നും മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി.
‘സര്‍ക്കാരും ഭരണകൂടവും ജനങ്ങളും കൊവിഡിന്റെ ആദ്യതരംഗത്തില്ത്തന്നെ ഡോക്ടര്‍മാര്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇപ്പോഴവര്‍ പറയുന്നത് മൂന്നാം തരംഗമുണ്ടാവുമെന്നാണ്. അത് കേട്ട് ഭയക്കുകയാണോ വേണ്ടത്? അതോ വൈറസിനെതിരെ പോരാടി വിജയിക്കുകയോ?’, മോഹന്‍ ഭാഗവത് ചോദിക്കുന്നതിങ്ങനെ. കൊവിഡ് രൂക്ഷമാവുന്നതിന്റെ പശ്ചാത്തലത്തില്ഡ ആളുകളില്‍ ശുഭാപ്തി വിശ്വാസമുണ്ടാക്കാനായി ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചപ്രവേശിപ്പിക്കുകയും പിന്നീട് രോഗം ഭേഗമായി ആശുപത്രി വിടുകയുമായിരുന്നു.
രാജ്യത്ത് കൊവിഡ് രൂക്ഷമാവുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലായി നിരവധി ആര്‍എസ്എസ്, ബിജെപി അനുഭാവികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ബോളിവുഡ് നടന് അനുപം ഖേറും തുറന്നടിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മോഡി സര്‍ക്കാരിന് അനുകൂല നിലപാടുകളെടുക്കാറുള്ള നടന് വിമര്‍ശനമുന്നയിച്ചത്.