ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റേതടക്കം അഞ്ച് ആര്‍എസ്എസ് ഉന്നത നേതാക്കളുടെ ഔദ്യോഗിക വെരിഫിക്കേഷന് ചിഹ്നമായ ബ്ലൂടിക്ക് ഒഴിവാക്കി ട്വിറ്റര്‍. ഇന്ത്യന്‍ ഉപചരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂടിക്ക് ഒഴിവാക്കിയതിന് പിന്നാലെയാണ് ബിജെപി നേതാക്കളുടെ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന് ബാഡ്ജ് പ്ലാറ്റ്ഫോമില്‍നിന്നും നീക്കം ചെയ്തത്.
മോഹന്‍ ഭാഗവത്, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സുരേഷ് സോണി, അരുണ്‍ കുമാര്‍, ആര്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍എന്നിവരുടെ അക്കൗണ്ടുകളില്‍നിന്നാണ് ബ്ലൂടിക്ക് നീക്കം ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസിനെതിരെ ബിജെപി ഉന്നയിച്ച ടൂള്‍കിറ്റ് ആരോപണത്തിലെ രേഖകള്‍ ട്വിറ്റര്‍ വ്യാജമായി നിര്‍മ്മിച്ചവയുടെ ഗണത്തില്‍ പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവെയാണ് ട്വിറ്റര്‍ മുതിര്‍ന്ന നേതാക്കളുടെ ബ്ലൂടിക്ക് നീക്കം ചെയ്തിരിക്കുന്നത്. രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ക്കെതിരെയും ട്വിറ്റര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഞാറാഴ്ചയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലൂടിക്ക് അപ്രത്യക്ഷമായത്. എന്തുകൊണ്ടാണ് മുന്നറിയിപ്പുകളില്ലാതെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ബാഡ്ജ് നീക്കം ചെയ്തതെന്ന് ആരാഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസ് ട്വിറ്ററിന് നോട്ടീസ് നല്‍കിയിരുന്നു. ആറുമാസത്തോളം അക്കൗണ്ട് നിര്ജ്ജീവമായിരുന്നതിലാണ് ബ്ലൂ ടിക്ക് പിന്‍വലിച്ചതെന്ന വിശദീകരണം ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടാവുകയും ടിക്ക് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
നായിഡുവിന്റേതിന് സമാനമായി അക്കൗണ്ട് സജീവമല്ലാത്തതുകൊണ്ടാണ് ട്വിറ്റര്‍ ആര്‍എസ്എസ് നേതാക്കളുടെ ബ്ലൂടിക്കും ഒഴിവാക്കിയതെന്നാണ് വിവരം. അക്കൗണ്ട് ആധികാരികമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതിനുള്ള സംവിധാനമാണ് ട്വിറ്ററിന്റെ ബ്ലൂടിക്ക് ബാഡ്ജ്. സജീവമായ അക്കൗണ്ടുകള്‍ക്കാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇപ്പോള്‍ ബ്ലൂടിക്ക് നഷ്ടമായിരിക്കുന്ന നേതാക്കള്‍ ആറുമാസത്തിനിടെ ഒരു ട്വീറ്റ് പോലും അവരുടെ പേഴ്സണല്‍ അക്കൗണ്ടുകളില്‍നിന്ന് നടത്തിയിട്ടില്ലെന്നും ട്വിറ്റര്‍ വിശദീകരിക്കുന്നു.