ഫസല്‍ വധത്തിന്റെ ആസൂത്രകര്‍ കാരായിമാര്‍ തന്നെയെന്ന് സിബിഐ; റിപ്പോര്‍ട്ട് ഒമ്പത് വര്‍ഷത്തിന് ശേഷം ഇരുവരും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെ

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് അല്ലെന്ന് സിബിഐ. ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷിന്റെ മൊഴി കേരളാ പൊലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്ന് കേന്ദ്ര ഏജന്‍സി കോടതിയില്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്ന് സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസിലെ ആദ്യ കുറ്റപത്രം ശരിവെച്ച കേന്ദ്ര ഏജന്‍സി കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകര്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് ആവര്‍ത്തിച്ചു.

ഒന്‍പത് വര്‍ഷത്തിന് ശേഷം കേസിലെ പ്രതികളും സിപിഐഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് തലശ്ശേരിയിലേക്ക് മടങ്ങാനിരിക്കെയാണ് സിബിഐയുടെ റിപ്പോര്‍ട്ട്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ഇരുവരുടേയും ജാമ്യ വ്യവസ്ഥയിലുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇരുമ്പനത്ത് ആയിരുന്നു രണ്ട് പേരുടേയും താമസം. ഓഗസ്റ്റ് അഞ്ചിന് ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചതിനേത്തുടര്‍ന്നാണ് ഇരുവരും തിരിച്ചുപോകുന്നത്. സിപിഐഎം ഇരുവര്‍ക്കും തലശ്ശേരിയില്‍ വന്‍ സ്വീകരണമൊരുക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വൈകിട്ട് അഞ്ചിന് സ്വീകരണം ഉദ്ഘാടനം ചെയ്യും.

2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. പത്ര വിതരണക്കാരനായ ഫസലിനെ തലശ്ശേരി സെയ്ദാര്‍ പള്ളിയുടെ സമീപത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നിരുന്നു. ഇതിനേത്തുടര്‍ന്നുള്ള വൈരാഗ്യം കാരണം സിപിഐഎം ഫസലിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് ആരോപണമുയര്‍ന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്യുകയുണ്ടായി. കാരായിമാര്‍ക്കെതിരെ ഗുഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയത്. 2012 ജൂണ്‍ 22ന് കാരായിമാര്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. ഒന്നര വര്‍ഷത്തെ തടവിന് ശേഷം 2013 നവംബര്‍ എട്ടിനാണ് ജാമ്യം ലഭിച്ചത്.

ഫസല്‍ വധത്തില്‍ സിപിഐഎമ്മിനും കാരായിമാര്‍ക്കും പങ്കില്ലെന്നും ആര്‍എസ്എസ് ആണ് കൊലയ്ക്ക് പിന്നിലെന്നും മാഹി സ്വദേശി സുബീഷ് പിന്നീട് പൊലീസിന് മൊഴി നല്‍കി. മറ്റൊരു കൊലക്കേസില്‍ പിടിയിലായപ്പോഴായിരുന്നു ഇത്. ഫസലിനെ വധിച്ച സംഘത്തില്‍ തന്നേക്കൂടാതെ ഇരിങ്ങാലക്കുടയിലെ ഒരു ആര്‍എസ്എസ് പ്രചാരകും തലശ്ശേരി ഡയമണ്ട് മുക്കിലെ ശശി, മനോജ് എന്നീ ആര്‍എസ്എസ് നേതാക്കളുമുണ്ടായിരുന്നെന്ന് സുബീഷ് പറഞ്ഞു. പിറ്റേന്ന് കണ്ണൂരില്‍ പത്ര സമ്മേളനം വിളിച്ച് സുബീഷ് മൊഴി നിഷേധിച്ചു. പൊലീസ് തന്നേക്കൊണ്ട് പറയിപ്പിച്ചതാണെന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം സുബീഷ് കൊലയേക്കുറിച്ച് മറ്റൊരു ആര്‍എസ്എസ് നേതാവിനോട് ഫോണിലൂടെ വിശദീകരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായി. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ ഇത് കോടതിയില്‍ ഹാജരാക്കി.

സുബീഷിന്റെ മൊഴിയില്‍ തുടരന്വേഷണം വേണമെന്ന അബ്ദുള്‍ സത്താറിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജൂലൈ ഏഴിന് കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. കേസ് അന്വേഷണഫലവുമായി ബന്ധപ്പെട്ട് ഫസലിന്റെ കുടുംബത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നാണ് ഫസലിന്റെ രണ്ട് സഹോദരന്‍മാരും പറയുന്നത്. സിബിഐ കണ്ടെത്തിയ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും തന്നെയാണ് കുറ്റക്കാരെന്ന് ഫസലിന്റെ ഭാര്യയും സഹോദരിയും ആവര്‍ത്തിക്കുന്നു.