ന്യൂദല്‍ഹി: രാജ്യവും രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കെ തന്നെ കേന്ദ്ര സര്‍ക്കാരിലും പാര്‍ട്ടിയിലും നേതൃദാരിദ്ര്യമുണ്ടെന്ന് വിലയിരുത്തി ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസും. ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തണമെന്ന തീരുമാനത്തിലാണ് ഇരു സംഘടനകള്‍.
കേന്ദ്ര മന്ത്രിസഭ പുന: സംഘടനയിലൂടെയും ബിജെപി ദേശീയ ഭാരവാഹികളായി പുതിയ നേതാക്കളെ കൊണ്ടുവന്നും ഈ പ്രശ്നത്തെ പരിഹരിക്കാനാണ് ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളുടെ തീരുമാനം. പൊതുസമ്മതി നേടാനും പാര്‍ട്ടി പ്രവര്‍ത്തകരെ നയിക്കാനും കഴിയുന്ന നേതാക്കളുടെ കുറവാണുള്ളതെന്ന് നേതൃനിരയിലുള്ളവര്‍ തന്നെ പറയുന്നു.
മോദിയുടെയും അമിത്ഷായുടെയും ഉദയത്തോടെ അവര്‍ക്ക് മികച്ച നേതാക്കളെ സര്‍ക്കാരിലും പാര്‍ട്ടിയിലും അണഇനിരത്താന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം നേതാക്കളില്ല എന്ന് ഈ മഹാമാരിക്കാലത്ത് തിരിച്ചറിയുന്നു എന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.
കൊവിഡ് രണ്ടാം തരംഗത്തിനിടെ ആര്‍എസ്എസ് ചില സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ വേളകളിലൊക്കെയും മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും അസാന്നിദ്ധ്യം സംഘടന തിരിച്ചറിഞ്ഞു. ഇത് പാര്‍ട്ടിക്ക് മോശം പ്രതിച്ഛായയെ സൃഷ്ടിക്കുകയുള്ളൂവെന്നും അവര്‍ വിലയിരുത്തി.
കേന്ദ്രസര്‍ക്കാര്‍ മോദി കേന്ദ്രീകൃതമാണെന്ന് മാത്രമല്ല, ഭൂപേന്ദര്‍ യാദവ് ഒഴികെ ബിജെപി ദേശീയ ഭാരവാഹികളില്‍ ഒരാള്‍ക്ക് പോലും തെരഞ്ഞെടുപ്പ് പോലും കൈകാര്യം ചെയ്യാനുള്ള മിടുക്കില്ലെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകകളിലുള്ള ഉള്‍പ്പോരുകള്‍ ചൂണ്ടിക്കാണിക്കുന്നത് താഴെതട്ടിലുള്ള പ്രശ്നങ്ങളെ തിരിച്ചറിയുന്ന ദേശീയ ഭാരവാഹികളില്ല എന്നതാണെന്നും അവര്‍ വിലയിരുത്തുന്നു.
സംഘടന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കും അടുത്തടുത്ത ദിവസങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് എത്തിയത് ജനറല്‍ സെക്രട്ടറിയായ ബിഎല്‍ സന്തോഷാണ്. ഇത് പാര്‍ട്ടിയിലെ നേതാക്കളുടെ വിഭവദാരിദ്ര്യത്തെ ചൂണ്ടിക്കാണിക്കുന്നതാണെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ അടുത്ത് തന്നെ മന്ത്രിസഭയിലേക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടിയിലേക്കും നേതാക്കളെ ബിജെപി മാറ്റിയേക്കുമെന്ന് പറയപ്പെടുന്നു.