ആര്‍ടിപിസിആര്‍ നിരക്ക് 500 തന്നെ, സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല; സ്വകാര്യ ലാബുകളുടെ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: കൊവിഡ് ടെസ്റ്റിനുള്ള ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം തള്ളി ഹൈക്കോടതി. പരിശോധനയ്ക്ക് 135 മുതല്‍ 245 രൂപ വരെ മാത്രമാണ് ചെലവെന്നും കോടതി നിരീക്ഷിച്ചു. കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താത്ത ലാബുകള്‍ക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെയായിരുന്നു സ്വകാര്യ ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് കുറച്ച സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേട്ടില്ലെന്നുമായിരുന്നു ലാബുടമകള്‍ ഹൈക്കോടതിയില്‍ വാദിച്ചത്.

എന്നാല്‍ രാജ്യത്ത് ഈടാക്കുന്നതിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്തെ ലാബുകള്‍ ഈടാക്കിയിരുന്നതെന്നും ഉയര്‍ന്ന നിരക്കിനെതിരെ വ്യാപക പരാതിയുണ്ടായിരുന്നെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പഞ്ചാബ്, ഒറീസ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ യഥാക്രമം 450, 400, 500 എന്നിങ്ങനെയാണ് പരിശോധനാ നിരക്ക്. ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ പത്ത് സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇറക്കുമതി ചെയ്ത ആര്‍ടിപിസിആര്‍ കിറ്റ് ഉപയോഗിച്ച് 4500 രൂപ നിരക്കില്‍ പരിശോധന നടക്കാന്‍ സുപ്രീംകോടതി സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ലാബുടമകള്‍ ഹരജിയില്‍ പറഞ്ഞത്. ഇവരുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു.