റഷ്യന്‍ സ്പുട്‌നിക് ഇന്ത്യയിലെത്തി; നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ വാക്‌സിന്‍ വിതരണം

ഹൈദരാബാദ്: റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ 1,50,000 ഡോസുകളാണ് ഹൈദരാബാദില്‍ എത്തിയത്. അടുത്ത മാസത്തോടെ റഷ്യയില്‍നിന്നും 30 ലക്ഷം ഡോസുകള്‍ക്കൂടി ഇന്ത്യയിലെത്തും. ഇന്ത്യയിലെ മൂന്നാം ഘട്ട വാക്‌സിനേഷന് സ്പുട്‌നിക് 5 ഉം ഉപയോഗിച്ചേക്കുമെന്നാണ് സൂചന.

റഷ്യന്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലെ ഇന്ത്യന്‍ പങ്കാളിയായ ഡോ റെഡ്ഡിസ് ലബോറട്ടറീസിലേക്കാണ് വാക്‌സിനുകള്‍ എത്തിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ഡ്രഗ് കണ്‍ഗ്രോളര്‍ ബ്യൂറോയുടെ അനുമതിക്ക് ശേഷമാവും സ്പുട്‌നിക് 5 വിതരണത്തിനെത്തുക.

‘കൊവിഡ് 19 നോട് പോരിടാന്‍ ഇന്ത്യയും റഷ്യയും ശ്രമകരമായ ദൗത്യങ്ങളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തേണ്ടതും ജീവനുകള്‍ രക്ഷിക്കേണ്ടതും അതി പ്രാധാന്യമര്‍ഹിക്കുന്നതാണ്’, റഷ്യന്‍ അംബാസിഡര്‍ നിക്കോളായ് കുദാഷെവ് ട്വീറ്റ് ചെയ്തു.

വാക്‌സിന്റെ പ്രാദേശിക ഉല്‍പാദനം ആരംഭിക്കാനും വര്‍ഷത്തില്‍ 850 മില്യണ്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. സ്പുട്‌നിക് 5മായുള്ള നിയമപരമായ കടമ്പകള്‍ കടന്നാല്‍ മെയ് 15 മുതല്‍ ടരാജ്യത്ത് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഡോ റെഡ്ഡീസ് അറിയിക്കുന്നത്. ഇന്ത്യയിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്പുട്‌നിക് വാക്‌സിന്‍ വിദേശത്തേക്ക് കയറ്റിയയക്കും.