സൈജു കുറുപ്പ് നായകനായെത്തുന്ന ‘അന്താക്ഷരി’ എന്ന സൈക്കോ ത്രില്ലെര്‍ സോണി ലിവില്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സൈജു സൗത്ത്റാപ്പിന് നല്കിയ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ വായിക്കാം.
ഉപചാരപൂര്‍വ്വം ഗുണ്ടജയന് ശേഷം സൈജു വീണ്ടും നായകനായി എത്തുന്നു. എന്തുകൊണ്ട് അന്താക്ഷരി?
അന്താക്ഷരി നിങ്ങളെ ആകാംക്ഷകൊണ്ട് സീറ്റിന്റെ തുഞ്ചത്തെത്തിക്കുന്ന തരത്തിലൊരു സൈക്കോ ത്രില്ലറാണ്. അന്താക്ഷരി എന്ന ഗെയിമും സൈക്കോ ത്രില്ലറും തമ്മില്‍ എന്താണ് ബന്ധമെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദാസ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. പാട്ട് പാടാന്‍ ഇഷ്ടമുള്ള ദാസ് വീട്ടിലും സ്റ്റേഷനിലും അന്താക്ഷരി കളിച്ചുകൊണ്ടിരിക്കും. പെറ്റി കേസിന് പിടിക്കപ്പെടുന്ന കുറ്റവാളികളുമായി അന്താക്ഷരി കളിക്കും. അവര്‍ക്ക് പാടാന്‍ പറ്റിയില്ലെങ്കില്‍ നല്ല ഇടിയും കൊടുക്കും. ദാസ് സാധാരണ പൊലീസ് സിനിമകളില്‍ നമ്മള് കണ്ടുവരുന്ന ഒരു ഗൗരവക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് അല്ല. ആക്ഷന്‍ ഹീറോ ബിജു, നായാട്ട് തുടങ്ങിയ സിനിമകളിലെ നായകന്മാര് പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലും അവര്‍ക്ക് ഒരു മാസ് അപ്പീലാണ്.
ഗുണ്ട ജയന് വേണ്ടി അരുണ്‍ എന്നെ സമീപിച്ചപ്പോഴും അന്താക്ഷരിക്ക് വേണ്ടി വിപിന്‍ സമീപിച്ചപ്പോഴും രണ്ടുപേരോടും ഞാന്‍ പറഞ്ഞത് എനിക്ക് ലീഡ് റോള്‍ വേണ്ട മറ്റേതെങ്കിലും കഥാപാത്രം മതി എന്നാണ്. രണ്ട് സിനിമകളുടേയും പ്ലോട്ട് എനിക്കിഷ്ടപ്പെട്ടു. കഥ ഞാന്‍ കേള്‍ക്കാം നിങ്ങള്‍ ഒരു പ്ലാന്‍ ബി നോക്കിക്കോളൂ എന്നും ഞാന്‍ അവരോട് പറഞ്ഞു. രണ്ടു പേരും എന്നോട് പറഞ്ഞത് സ്ക്രിപ്റ്റ് മുഴുവന്‍ കേട്ടിട്ട് തീരുമാനിക്കാനാണ്. ഇക്കാര്യം വിപിനോട് പറയുമ്പോള്‍ എനിക്ക് തോന്നിയിരുന്നു ഇത് തന്നെയാണ് ഗുണ്ട ജയനിലും സംഭവിച്ചത്. ഒടുക്കം അന്താക്ഷരിയിലും ഞാന്‍ ലീഡ് റോള്‍ ചെയ്യേണ്ടി വരുമോ എന്നൊരു ഉള്‍ഭയം എനിക്കുണ്ടായി. വിപിന്‍ ഫോണിലൂടെയാണ് എനിക്ക് കഥ നരേറ്റ് ചെയ്ത് തന്നത്. എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് അപ്പോള്‍ എനിക്ക് തോന്നി. അന്താക്ഷരിയിലെ ലീഡ് റോള്‍ ഞാന്‍ ഏറ്റെടുത്തു. പക്ഷെ വിപിന്‍ എനിക്ക് നരേറ്റ് ചെയ്തു തന്നതിനെക്കാള്‍ മനോഹരമായാണ് സിനിമ പുറത്ത് വന്നിരിക്കുന്നത് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
പതിനേഴ് വര്‍ഷമായി സൈജു ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്. ഇപ്പോഴും എന്തുകൊണ്ട് ലീഡ് റോള്‍ ചെയ്യാന്‍ മടിക്കുന്നു?
അടിസ്ഥാനപരമായി പേടിയാണ് കാരണം. ആ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പേടി. എനിക്കൊരു ഹീറോ ഇമേജില്ല. ഞാന്‍ ഹീറോ ആയി വന്ന സിനിമകളെല്ലാം പരാജയപ്പെട്ടിട്ടേ ഉള്ളൂ. ഗുണ്ട ജയന് വിജയിച്ചു. പക്ഷെ ഞാന്‍ അന്താക്ഷരി കമ്മിറ്റ് ചെയ്യുന്ന സമയത്ത് ഗുണ്ട ജയന് റിലീസ് ആയിട്ടില്ല. ഗുണ്ട ജയന് കമ്മിറ്റ് ചെയ്യുന്ന സമയത്ത് അതിന് മുന്‍പ് ഞാന്‍ നായകനായ ജനമൈത്രി എന്ന സിനിമ ഒടിടിയിലാണ് വിജയിച്ചത്. തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല. നമുക്കെന്നും ഹീറോ ആയിട്ട് പരാജയം മാത്രമേ കിട്ടിയിട്ടുള്ളൂ. ആളുകള്‍ തിയേറ്ററില്‍ കയറുമോ എന്ന പേടി തന്നെയാണ് ഏറ്റവും ആദ്യത്തെ കാരണം.
ലോക്ക്ഡൗണിന് മുന്‍പ് എന്റെ റിലീസായ ചിത്രങ്ങള്‍ ഫോറന്‍സിക്കും ഡ്രൈവിങ്ലൈസന്സുമാണ്. ഡ്രൈവിങ് ലൈസന്‍സില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമുണ്ട്. എനിക്ക് ഉഗ്രന്‍ കഥാപാത്രമാണ് അതില്‍. അവരെ കാണാന്‍ വേണ്ടി ആളുകള്‍ തിയേറ്ററില്‍ പോയി, എന്നെയും കണ്ടു. എന്നെയും ഇഷ്ടപ്പെട്ടു. ഫോറന്‍സിക്കിലും ഇതു തന്നെയാണ് സംഭവിച്ചത്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഇങ്ങനെ മടിച്ചിരുന്നാല്‍ ഒരിക്കലും ഹീറോ ആകില്ലല്ലോ എന്ന്. ഒരു നല്ല പടം വന്ന് ബ്രേക്കാവുമ്പോള്‍ ആണല്ലോ ഹീറോ പടങ്ങള്‍ ചെയ്യുന്നത്. ഇതിനുള്ള ധൈര്യമെവിടെയാണ്? എന്റെ ഹീറോ പടങ്ങള്‍ ഒന്നും ഓടിയിട്ടില്ല.
സിനിമകള്‍ ഒടിടിയിലേക്ക് മാറുമ്പോള്‍ സ്റ്റാര്‍ഡത്തിന്റെ ഡെഫിനിഷനും മാറുന്നുണ്ടല്ലോ. അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൂടെ?
സിനിമകള്‍ കാണാന്‍ എന്റെ ആദ്യ ചോയ്സ് തിയേറ്ററാണ്. ഞാന്‍ കുട്ടിക്കാലം മുതലേ തിയേറ്ററില്‍ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഒരു സിനിമ കണ്ട് അനുഭവിക്കേണ്ടത് തിയേറ്ററില്‍ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിപ്പോള്‍ എന്റെ സിനിമകളാകട്ടെല്ല, അല്ലെങ്കില്‍ മറ്റൊരാളുടേതാകട്ടെ. വലിയ സ്ക്രീനിന്റെ മാജിക്കും, ആള്‍ക്കൂട്ടത്തിനൊപ്പം കാണുന്ന അനുഭവവും സമ്മാനിക്കാന്‍ ചെറിയ സ്ക്രീനുകള്ക്കാകില്ല. ഒടിടിയിലും സിനിമകള്‍ കാണുന്ന ആള് തന്നെയാണ് ഞാന്‍. പക്ഷെ ആദ്യ ചോയ്സ് എപ്പോഴും തിയേറ്ററാണ്.
മുഴുവൻ ഇന്റർവ്യൂ കാണാൻ: