‘സേവ് കുട്ടനാടിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന’, 1500 കുടുംബങ്ങള്‍ കുട്ടനാട് ഉപേക്ഷിച്ചെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: സേവ് കുട്ടനാട് ക്യാമ്പയിനിങിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി സജി ചെറിയാന്‍. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി ജനങ്ങളെ അനാവശ്യമായി ഭീതിപ്പെടുത്താനാണ് അവരുടെ ശ്രമം. 1500 കുടുംബങ്ങള്‍ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മാത്രം അനാവശ്യമായി ആശങ്ക സൃഷ്ടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തു.

‘ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. സേവ് കുട്ടനാട് എന്ന സംഘടന കുട്ടനാട്ടിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. കുട്ടനാട് വെള്ളം കയറി നശിക്കാന്‍ പോകുന്നു. എല്ലാവരും ഇപ്പോള്‍ തന്നെ നാട് വിടണം എന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നു. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറും. അത് സ്വാഭാവികമാണ്. ഭയപ്പെടേണ്ട ഒരു സാഹചര്യവും കുട്ടനാട്ടില്‍ ഇല്ല’, മന്ത്രി വ്യക്തമാക്കി.

സേവ് കുട്ടനാട് ഫോറത്തെ തള്ളി മന്ത്രി പി പ്രസാദും രംഗത്തെത്തിയിരുന്നു. കുട്ടനാടിനെ രക്ഷിച്ച് സ്വര്‍ഗത്തില്‍ കൊണ്ടുപോകും എന്ന് പറയുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെച്ചത്.

Also Read: ഇടഞ്ഞ ഗ്രൂപ്പുകളെ ആശ്വസിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; ഒത്തുപോകണമെന്ന് ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും താരിഖ് അന്‍വര്‍

എന്നാല്‍, മന്ത്രി സജി ചെറിയാനെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കണമെന്നാണ് സേവ് കുട്ടനാട് ഫോറത്തിന്റെ അഭിപ്രായം. തങ്ങള്‍ക്ക്‌രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്നും തങ്ങള്‍ കുട്ടനാടിനെ പ്രതിനിധീകരിക്കുകയാണെന്നും ഇവര്‍ പറയുന്നു. കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സേവ് കുട്ടനാട് ഫോറത്തിലെ അംഗം ബെന്നറ്റ് പറയുന്നു.