‘എന്‌റെ നിശബ്ദതയെ അജ്ഞതയായി തെറ്റിദ്ധരിക്കരുത്’; ട്രോളുകളോട് പ്രതികരിച്ച് സമാന്ത

അപകീര്‍ത്തിപ്പെടുത്തുന്ന ട്രോളുകളോട് പ്രതികരിച്ച് തെന്നിന്ത്യന്‍ നടി സമാന്ത റൂത്ത് പ്രഭു. തന്‌റെ നിശബ്ദതയെ അജ്ഞതയായി തെറ്റിദ്ധരിക്കരുത് എന്ന് സമാന്ത ട്വീറ്റ് ചെയ്തു.

‘എന്‌റെ നിശബ്ദതയെ അജ്ഞതയായി തെറ്റിദ്ധരിക്കരുത്. എന്‌റെ ശാന്തതയെ സ്വീകാര്യതയായും ദയയെ ബലഹീനതയായും കരുതരുത്. ദയ എന്നത് കാലഹരണപ്പെട്ടേക്കാവുന്ന ഒരു സമയമുണ്ട്,’ എന്നായിരുന്നു സമാന്തയുടെ ട്വീറ്റ്.

സോഷ്യല്‍ മീഡിയയില്‍ സമാന്തയ്‌ക്കെതിരെ നിരന്തരം ട്രോളുകള്‍ ഉണ്ടാകാറുണ്ട്. താരത്തിന്‌റെ വസ്ത്രധാരണം മുതല്‍ വ്യക്തിപരമായും തൊഴില്‍പരമായും അവര്‍ നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ അനാവശ്യമായ നിരവധി ചര്‍ച്ചകള്‍ക്ക് സമാന്ത വിഷയമാകാറുണ്ട്. എന്നാല്‍ ഈ ട്വീറ്റിന് കാരണം എന്താണെന്ന് വ്യക്തമല്ല.

പുഷ്പ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ ‘ഊ അണ്ടവാ’ എന്ന പാട്ടില്‍ അഭിനയിച്ചതിന്‌റെ പേരില്‍ സമാന്തയ്ക്ക് നേരെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

വിഘ്‌നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘കാതുവാക്കുള രണ്ട് കാതല്‍’ എന്ന ചിത്രമാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്. വിജയ് സേതുപതി, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുണശേഖര്‍ സംവിധാനം ചെയ്ത ‘ശാകുന്തളം’ എന്ന മിതോളജിയിലും സമാന്ത അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തില്‍ ജയറാം, മുരളി ശര്‍മ, ലക്ഷ്മി, രോഹിണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.