യോഗേന്ദ്ര യാദവിനെ സസ്‌പെന്‍ഡ് ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച; നടപടി പഞ്ചാബിലെ കര്‍ഷക സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന്

ന്യൂഡല്‍ഹി: ജനകീയ സമരനേതാവ് യോഗേന്ദ്ര യാദവിനെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട് യോഗേന്ദ്ര യാദവ് സന്ദര്‍ശിച്ചതാണ് നടപടിക്കുള്ള കാരണം.

യോഗേന്ദ്ര യാദവിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടതാണ് നടപടിയെടുക്കാനുണ്ടായ കാരണം. പ്രധാനമായും പഞ്ചാബ് കേന്ദ്രീകരിച്ചുള്ള കര്‍ഷക യൂണിയനുകളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വ്യാഴാഴ്ച നടന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതില്‍ യോഗേന്ദ്ര യാദവ് ഖേദപ്രകടനം നടത്തണമെന്ന ആവശ്യം ഉയര്‍ന്നെന്ന് മോര്‍ച്ചയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഖേദപ്രകടനം നടത്താന്‍ യോഗേന്ദ്ര യാദവ് തയ്യാറായില്ല. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുന്ന വിവരം മോര്‍ച്ചയിലെ നേതാക്കളെ അറിയിക്കാഞ്ഞത് തന്റെ വീഴ്ചയാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ താന്‍ തെറ്റ് കാണുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതില്‍ വിവേചനം പാടില്ലെന്നും യോഗേന്ദ്ര യാദവ് യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഖേദപ്രകടനം നടത്താന്‍ യോഗേന്ദ്ര യാദവ് തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് മോര്‍ച്ച നടപടിയെടുത്തത്. ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളില്‍ സന്ദര്‍ശനം കഴിഞ്ഞ് വരുന്ന വഴിക്കാണ് ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലും യോഗേന്ദ്ര യാദവ് സന്ദര്‍ശനം നടത്തിയത്.