സാന്ദ്ര തോമസിനെ ഐസിയുവില്‍ നിന്ന് മാറ്റി; പ്രാര്‍ത്ഥനകള്‍ക്കും സുഖാശംസകള്‍ക്കും നന്ദി പറഞ്ഞ് സഹോദരി

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന് തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. സാന്ദ്രയുടെ സഹോദരിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഡെങ്കിപ്പനി ഗുരുതരമായതിനേത്തുടര്‍ന്ന് അഞ്ച് ദിവസം ഐസിയുവില്‍ ചെലവഴിച്ച സാന്ദ്ര ഇപ്പോള്‍ ആശുപത്രിയിലെ റൂമില്‍ ചികിത്സ തുടരുകയാണെന്ന് സ്‌നേഹ പറഞ്ഞു.

അപകടനില തരണം ചെയ്തു, അവളുടെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു.

സ്‌നേഹ തോമസ്

ചേച്ചിയുടെ ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ ഇക്കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സമ്മര്‍ദ്ദമേറിയതായിരുന്നു. വിവിധ സോഷ്യല്‍മീഡിയ ചാനലുകളില്‍ നിന്നായി ഒരുപാട് അന്വേഷണങ്ങളും സുഖാശംസകളുമെത്തി. എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദി പറയുകയാണെന്നും സ്‌നേഹ തോമസിന്റെ സഹോദരി കൂട്ടിച്ചേര്‍ത്തു.

34 കാരിയായ സാന്ദ്ര 1991ല്‍ നെറ്റിപ്പട്ടം എന്ന ചിത്രത്തില്‍ ബാലതാരമായാണ് സിനിമയിലെത്തിയത്. 2012ല്‍ ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിര്‍മ്മിച്ചു. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴി എന്നിവയുടെ പ്രൊഡ്യൂസറായി. ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ആട്, കിളി പോയി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.