‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്, ഓരോ പഞ്ചായത്തിലും ഒരു ഹിന്ദുബാങ്ക്’; നൂറോളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ട്

സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ‘ഹിന്ദു ബാങ്കുകള്‍’ ആരംഭിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ബാങ്ക് ആരംഭിക്കുകയാണെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ പേരില്‍ 100 കമ്പനികള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തെന്നും ‘ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനീസ്’ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആശ്രമങ്ങള്‍, മഠങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ 100ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രാദേശിക തലത്തില്‍ ഹിന്ദു കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിച്ചേക്കും. മൂന്ന് ഡയറക്ടര്‍മാരും ഏഴ് അംഗങ്ങളും അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനവുമുണ്ടെങ്കില്‍ നിയമവിധേയമായി നിധി ലിമിറ്റഡ് കമ്പനി ആരംഭിക്കാം. തുടങ്ങി ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ ചേര്‍ക്കണം.

മെമ്പര്‍ഷിപ്പുള്ളവരില്‍ നിന്ന് മാത്രം നിക്ഷേപം സ്വീകരിക്കുക, അവര്‍ക്ക് മാത്രം വായ്പ കൊടുക്കുക എന്നതാണ് നിധി ലിമിറ്റഡ് കമ്പനികളുടെ പ്രവര്‍ത്തന രീതി. ഈട് വാങ്ങിയാകും വായ്പ നല്‍കല്‍. സഹകരണസംഘങ്ങളേക്കാള്‍ ഉയര്‍ന്ന പലിശയാണ് വാഗ്ദാനം. സ്വര്‍ണപണയ വായ്പ, വ്യാവസായിക വായ്പ, പ്രതിദിന കളക്ഷന്‍ വായ്പ, വാഹന വായ്പ എന്നീ സേവനങ്ങളുണ്ടാകും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹിന്ദു ബാങ്ക് പദ്ധതിയിലേക്ക് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ഹിന്ദു സംരക്ഷണ പരിവാര്‍, ഭാരതീയ ഹിന്ദു പ്രജാസംഘം തുടങ്ങിയ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ആരംഭിച്ചതായും വാര്‍ത്തയുണ്ട്.

ഹിന്ദു ബാങ്കിനേക്കുറിച്ച് ‘പുണ്യഭൂമി’ വെബ്‌സൈറ്റില്‍ പറയുന്നത്

“ഇന്ന് പ്രബലമായി മാറിയ ഹിന്ദു എകണോമിക് ഫോറം എന്ന പ്രസ്ഥാനംപോലും സ്വാമിജി സത്യാനന്ദ സരസ്വതി സ്വപ്നംകണ്ട് ഹിന്ദുബാങ്ക് എന്നതിന്റെ മറ്റൊരുരൂപമാണ്. കോടിക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ശബരിമലയുടെ സമഗ്രവികസനത്തിന് സ്വാമിജി കൊണ്ടുവന്ന ഹരിവരാസനം പദ്ധതി ഇന്നും താളുകളില്‍ ഉറങ്ങുകയാണ്. എന്നാല്‍ അതിലെ പലതും പകര്‍ത്തിയെടുത്ത് സ്വന്തം പേരില്‍ സമര്‍പ്പിച്ച് കോടികള്‍ നേടിയവരും ഉണ്ട് എന്നത് ഗുരുനിന്ദയല്ലാതെ മറ്റെന്താണ്?”