‘ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഞാന്‍ ഏറെ ആഹ്‌ളാദവാനാണ്’; ‘ആര്‍ക്കറിയാം’ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

നല്ല സിനിമ എന്ന നിലയില്‍ ആര്‍ക്കറിയാം സ്വീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് നിര്‍മ്മാതാവ് സന്തോഷ് കുരുവിള. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ ഏറെ ആഹ്‌ളാദവാനാണെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് കുരുവിളയുടെ വാക്കുകളിങ്ങനെ

” We dont make movies to make more money ,We make money to make more movies . Walt Disney

സിനിമാ നിർമ്മാണ വ്യവസായത്തിലേർപ്പെടാൻ ഇറങ്ങുന്നവർക്കായുള്ള ആപ്ത വാക്യങ്ങളിൽ ഒന്നാണിത് ,ലോക സിനിമയുടെ ചരിത്രം തന്നെ പരിശോധിച്ചാൽ ഈ മാധ്യമത്തിൻ്റെ വിശേഷങ്ങൾ വിചിത്രമായിരിയ്ക്കും ,അതാത് കാലഘട്ടത്തിലെ പ്രേക്ഷകർ സ്വീകരിയ്ക്കാൻ മടിച്ച സൃഷ്ടികൾ പിന്നീട് സ്വീകരിയ്ക്കപ്പെടുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമായത് !മലയാള സിനിമകളിൽ പോലും ഈ പ്രതിഭാസം ആവർത്തിച്ച് കാണാറുണ്ട് ,ജീനിയസുകൾ എന്ന് വാഴ്ത്ത പ്പെടുന്നവരുടെ ചലച്ചിത്രങ്ങൾ ചർച്ചയാവുന്നതും കൾട്ടുകളായ് മാറുന്നതും എത്രയോ വർഷങ്ങൾക്ക് ശേഷമാണ് എന്നത് രസകരമായ് തോന്നുന്ന സ്ഥിതി വിശേഷമാണ് .

പ്രസ്തുത സിനിമകൾ അതാത് കാലഘട്ടത്തിൽ നിർമ്മാണ കമ്പനികൾക്ക് ഒരു പക്ഷെ കനത്ത നഷ്ടം തന്നെ വരുത്തി വച്ചതോ അല്ലെങ്കിൽ കാര്യമായ നേട്ടമോ ഉണ്ടാക്കാതെ കടന്ന് പോയതോ ആവാം ?ഈ വ്യവസായത്തിൽ സമാനമായ സാഹചര്യത്തിലൂടെ ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാനും കടന്ന് പോയിട്ടുണ്ട് ,തീയറ്ററിൽ വൻ പ്രതികരണം ലഭിയ്ക്കാത്തവ പീന്നീട് ടെലിവിഷനിൽ എത്തുമ്പോൾ മികച്ച അഭിപ്രായം ലഭിയ്ക്കുക , മികച്ച പ്രതികരണം ലഭിച്ചാലും വേണ്ടത്ര സാമ്പത്തിക നേട്ടം ഉണ്ടാവാതെ ഇരിയ്ക്കുക അങ്ങിനെ ,മികച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കി തന്ന സിനിമകളേ വിസ്മരിയ്ക്കുന്നുമില്ല .

സിനിമാ നിർമ്മാണ വ്യവസായത്തെ ഒരു ദീർഘകാല നിക്ഷേപമായ് കണ്ടതുകൊണ്ടുതന്നെ ഒരു ബിസിനസ് കാരൻ എന്ന നിലയിൽ എനിയ്ക്ക് പ്രത്യേകിച്ച് ആശങ്കകളൊന്നുമുണ്ടായില്ല ,അതുകൊണ്ട് തന്നെ ഈ രംഗത്തേയ്ക്ക് പുതുതായ് എത്തുന്ന സംവിയായകരെ ,നടീ നടൻമാരെയൊക്കെ തികഞ്ഞ ആത്മ വിശ്വാസത്തോടെ സിനിമകൾ ഏൽപ്പിച്ചിട്ടുണ്ട് .അൽപ്പം സാഹസമാണ് എങ്കിലും ” റിസ്ക് ഈസ് മണി ” എന്നതിലും എനിയ്ക്ക് വിശ്വാസമുണ്ട്

അവസാനമായ് നിർമ്മിച്ച ആർക്കറിയാം എന്ന ചിത്രം , വളരെ പരിമിതമായ സാഹചര്യത്തിൽ ഏറെ വെല്ലുവിളികളോടെ കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമയാണ്,കോട്ടയം എം.ഡി സെമിനാരി സ്കൂളിലെ സഹപാഠിയും എൻ്റെ ആത്മിത്രവുമായ സാനു എന്ന പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗ്ഗീസാണ് ആർക്കറിയാമിൻ്റെ ആശയവുമായ് എത്തിയതും പീന്നീടത് സിനിമയായ് മാറിയതും , സാനുവിൻ്റെ ആദ്യ സംവിധാന സംരംഭവും !ഏപ്രിൽ ഒന്നിന് തീയറ്ററുകളിൽ എത്തിയ ചിത്രം കാണാൻ വൻ തിരക്കൊന്നും ഉണ്ടായില്ല എന്നത് വാസ്തവമായിരുന്നു പക്ഷെ മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു .മധ്യതിരുവിതാംകൂർ ഗ്രഹാതുരത്വം നിറഞ്ഞ ആ സിനിമ പിന്നീട് ആമസോൺ പ്രീമിയം അടക്കമുള്ള നിരവധി പ്ലാറ്റ് ഫോമുകളിൽ റിലീസ് ചെയ്തു ,എൻ്റെ കാൽകുലേഷൻസ് തെറ്റിയില്ല ,മികച്ച പ്രതികരണങ്ങൾ ,നിരൂപണങ്ങൾ ,അഭിമുഖങ്ങൾ ,വാർത്തകൾ എന്നിവ കൊണ്ട് നവ മാധ്യമങ്ങൾ നിറഞ്ഞു ,ഇന്നും അത് തുടർന്നു കൊണ്ടിരിയ്ക്കുന്നു ,മികച്ച ഒരു കുടുംബ ചിത്രം എന്ന നിലയിൽ ഏഷ്യാനെറ്റ് അതിൻ്റെ സംപ്രേഷണവകാശം ഇതിനിടയിൽ വാങ്ങി ,ഉടൻ തന്നെ ഏഷ്യാനെറ്റിലൂടെ ടി.വി പ്രേക്ഷകർക്കു മുമ്പിലും ” ആർക്കറിയാം ” എത്തും .

ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാൻ ഏറെ ആഹ്ളാദവാനാണ് ഇന്ന് ,നല്ല സിനിമ എന്ന നിലയിൽ ആർക്കറിയാം സ്വീകരിയ്ക്കപ്പെട്ടു കഴിഞ്ഞു , ആ പ്രൊജക്ടിൽ അഹോരാത്രം ജോലി ചെയ്ത ഒരോ ടീമംഗങ്ങളോടും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ,കോവിഡ് പ്രശ്നങ്ങൾ നിയന്ത്രിതമായതിനു ശേഷം അടുത്ത ലൊക്കേഷനിലേയ്ക്ക് !!’