അരുണാചലില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം, സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്; ഇന്ത്യന്‍ മണ്ണില്‍ കണ്ണുവെച്ചപ്പോഴൊക്കെ മറുപടി കൊടുത്തിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന വീണ്ടും കടന്നുകയറ്റം നടത്തിയെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്. അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശത്ത് അറുപതോളം കെട്ടിടങ്ങള്‍ ചൈന നിര്‍മ്മിച്ചതായി സൂചിപ്പിക്കുന്ന ചിത്രങ്ങളാണിവ. എന്‍ഡിടിവിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2019ലെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ പ്രദേശത്ത് ഇത്തരം കെട്ടിടങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, 2021 സെപ്തംബറിലെ ചിത്രങ്ങളില്‍ കെട്ടിടങ്ങള്‍ വ്യക്തമാണ്.

അന്താരാഷ്ട്ര അതിര്‍ത്തിക്കും യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കും ഇടയിയില്‍ ഇന്ത്യന്‍ ഭൂപ്രദേശത്ത് ഏകദേശം ആറ് കിലോമീറ്റര്‍ അതിക്രമിച്ചുകടന്നാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നത്. ഇത് ഇന്ത്യയുടെ ഭൂമിയാണെന്നാണ് എല്ലാക്കാലത്തും ഇന്ത്യയുടെ നിലപാട്. ഈ കെട്ടിടങ്ങളില്‍ ആള്‍ത്താമസമുണ്ടോ എന്ന കാര്യത്തില്‍ ഉപഗ്രഹ ചിത്രങ്ങളില്‍നിന്നും വ്യക്തതകള്‍ ലഭിച്ചിട്ടില്ലെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.

അരുണാചലില്‍ ചൈന കയ്യേറ്റം നടത്തുന്നു എന്ന് ജനുവരിയില്‍ പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ കിഴക്കുമാറിയാണ് പുതിയ കയ്യേറ്റം നടന്നിരിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തിയിട്ടുണ്ട്. ‘ഒരു രാജ്യത്തിന്റെയും ഭൂമി കയ്യടക്കി വെക്കുന്നത് ഇന്ത്യയുടെ സ്വഭാവമല്ല. എന്നാല്‍, മറ്റേതെങ്കിലും രാജ്യം ഇന്ത്യന്‍ മണ്ണില്‍ കണ്ണുവെച്ചാല്‍ അതിന് തക്ക മറുപടി കൊടുത്തിട്ടുമുണ്ട്. ഇന്ത്യന്‍ മണ്ണിന്റെ ഒരോ ഇഞ്ചും കാത്തുസൂക്ഷിക്കാന്‍ പോന്ന ധൈര്യശാലികളായ പോരാളികളാണ് നമ്മുടെ സൈന്യത്തിലുള്ളത്’, രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ഉപഗ്രഹ ചിത്ര ദാതാക്കളായ മാക്‌സര്‍ ടെക്‌നോളജീസും പ്ലാനറ്റ് ലാബുമാണ് പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയത്. അരുണാചല്‍ പ്രദേശിലെ ഷി-യോമി ജില്ലയില്‍നിന്നുള്ള ഈ ചിത്രങ്ങളില്‍ കെട്ടിടങ്ങള്‍ മാത്രമല്ല, മറിച്ച് കെട്ടിടങ്ങള്‍ക്ക് മുകളില്‍ ചൈനീസ് പതാക വരച്ചുവെച്ചിരിക്കുന്നതായും കാണാം. പ്രദേശത്തിനുമേല്‍ അധികാരം സ്ഥാപിക്കുന്നതിന്റെ സൂചനയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.