‘കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിച്ചു അതിനനുസരിച്ച് ക്രിസ്ത്യാനികളെ പരിഗണിക്കണം, പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ്‌ലിംകള്‍ക്കു തന്നെ നല്‍കണം’; സത്താര്‍ പന്തല്ലൂര്‍

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് സുന്നി യുവജന സംഘടന നേതാവ് സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്കിലൂടെയാണ് സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം.

സത്താര്‍ പന്തല്ലൂര്‍ പറഞ്ഞതിങ്ങനെ

‘സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ പാലോളി കമ്മിറ്റി വന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി മുഴുവന്‍ മുസ്ലിംകള്‍ക്കും അവകാശപ്പെട്ടതായിരുന്നു. പക്ഷേ, സര്‍ക്കാര്‍ അതിലേക്ക് ക്രിസ്ത്യാനികളെ കൂടി പരിഗണിച്ചു. ആനുകൂല്യങ്ങളില്‍ മുസ്ലിംകള്‍ക്ക് 80 ഉം ക്രിസ്ത്യാനികളിലെ പിന്നാക്ക അവസ്ഥ അനുഭവിക്കുന്നവരെ പരിഗണിച്ചു അവര്‍ക്ക് 20 ഉം നല്‍കി.

സത്യത്തില്‍ മുസ്ലിംകളോട് അന്നത്തെ സര്‍ക്കാര്‍ കാണിച്ച ചതിയായിരുന്നു ഈ 80: 20 അനുപാതം. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളുടെ 100% വും മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഈ ചതിയിലൂടെ 20% ആനുകൂല്യം തടയപ്പെടുക മാത്രമല്ല, കേരളത്തില്‍ ഒരു വര്‍ഗീയ ചേരിതിരിവിന് അത് പിന്നീട് കാരണമാവുകയും ചെയ്തു. മുസ്ലിം സ്‌കോളര്‍ഷിപ്പ് വെറും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പായി മാറി. അതു വെച്ച് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80% വും 27 ശതമാനമുള്ള മുസ്ലിംകള്‍ കൊണ്ടു പോവുകയും 19 ശതമാനമുള്ള ക്രിസ്ത്യാനികളെ അവഗണിക്കുകയും ചെയ്യുന്നു എന്നു പ്രചരിപ്പിച്ചു. അതൊരു വര്‍ഗീയ ചേരിതിരിവിന് നിമിത്തമായി. 80:20 കണക്കാക്കിയപ്പോള്‍ സഹിഷ്ണുത കാണിച്ചു മൗനം ദീക്ഷിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ മുസ് ലിംകള്‍ അനുഭവിക്കുന്നത്.

ഇപ്പോള്‍ കോടതി ആ അനുപാതം റദ്ദാക്കിയിരിക്കുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ മുസ്ലിംകളോട് നീതി കാണിക്കണം. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിച്ചു അതിനനുസരിച്ച് ക്രിസ്ത്യാനികളെ പരിഗണിക്കണം. പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ് ലിംകള്‍ക്കു തന്നെ നല്‍കണം. ഇടതു പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ വാഗ്ദാനമാണ് പാലോളി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പിലാക്കുമെന്ന്. ന്യൂനപക്ഷ ക്ഷേമ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’.