ജനങ്ങള്‍ക്ക് ‘മനസിലായി’, കൊവിഡിന് തിരിഞ്ഞോ?; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി അങ്കമാലി അതിരൂപത

രണ്ടാം പിണറായി സര്‍ക്കാരിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങ് ചുരുക്കി നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി അങ്കമാലി രൂപത. ഇളവിന്റെ രാഷ്ട്രീയം ഇടര്‍ച്ചയുണ്ടാക്കുന്ന സംഭവങ്ങള്‍ക്ക് കൊവിഡ് കേരളം സാക്ഷിയാകുകയാണെന്ന് അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപം എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. സാധാരണക്കാരുടെ മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ 20 പേരെ കര്‍ശനമായി നിജപ്പെടുത്തുമ്പോള്‍, വിഐപികളുടെ വിടവാങ്ങലിന് ആള്‍ക്കൂട്ടമനുവദിക്കുന്ന നിലപാട് മാറ്റം നിലവാരമില്ലാത്തതാണ്. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അത്യാവശ്യക്കാരെ മാത്രം ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതാണ് കേരളമെന്ന മരണവീടിന് ഇപ്പോള്‍ നല്ലതെന്നും സത്യദീപം എഡിറ്റോറിയല്‍ പറയുന്നു.

500 പേരെ പങ്കെടുപ്പിച്ച് ‘ലളിതമായി’നടത്തുന്ന ചടങ്ങിന്റെ ഭരണഘടനാ ബാധ്യതാന്യായം അരമണിക്കൂറിലേറെ സമയമെടുത്ത് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചപ്പോള്‍ ജനങ്ങള്‍ക്ക് വേഗം ‘മനസ്സിലായി’, പക്ഷേ, കോവിഡിന് അത് തിരിഞ്ഞോ എന്തോ?

സത്യദീപം

തെരഞ്ഞെടുപ്പുത്സവത്തിന്റെ ഭാഗമായി ‘ഉയര്‍ത്തിക്കെട്ടിയ’ കോവിഡ് പതാക ഇപ്പോഴും ഉയരെപ്പറക്കുമ്പോള്‍ ലോക്ഡൗണിലൂടെ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്കുന്ന ഈ സത്യപ്രതിജ്ഞാഘോഷം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അനൗചിത്യമാണ്.

മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഗവര്‍ണറും പ്രതിജ്ഞാരജിസ്റ്റര്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ അടക്കമുള്ള ജീവനക്കാരും മാത്രമാണ് അനിവാര്യമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സാന്നിദ്ധ്യംപോലും അത്യാവശ്യ മില്ല. സുപ്രീംകോടതിയുടെ നാല്പത്തിയെട്ടാം ചീഫ് ജസ്റ്റീസായി എന്‍ വി രമണ രാഷ്ട്രപതി ഭവനിലെ അശോകാഹാളില്‍ അധികാരമേറ്റപ്പോള്‍ മുപ്പതില്‍ താഴെപ്പേര്‍ മാത്രമാണ് സന്നിഹിതരായത് എന്ന് മറക്കരുത്.

രോഗവും മരണവും അതിവേഗം കുതിക്കുമ്പോള്‍ ഭരണകൂടം എന്തു ചെയ്തുവെന്ന ചോദ്യം ചരിത്രമാകുമ്പോള്‍ ജനപക്ഷത്തു നിന്നൊരു മറുപടിയും നടപടിയുമാണ് നാടിന്റെ ഭാവി ഭാഗധേയത്തിനാധാരം. നാട്ടുകാരെ അകത്തിരുത്തി നേതാക്കള്‍ പുറത്തിറങ്ങുന്ന, ഇളവുതേടുന്ന രാഷ്ട്രീയം ആരോഗ്യരാഷ്ട്രത്തെയാണ് ഇറക്കിവിടുന്നതെന്ന് മറക്കരുതെന്നും മുഖപ്രസംഗം കൂട്ടിച്ചേര്‍ക്കുന്നു.