‘രാത്രി ഭക്ഷണത്തിനു വേണ്ടി കാത്തിരിക്കുന്ന നായ്ക്കളുടെ ചിത്രം മനസില്‍നിന്ന് മായില്ല’; സത്യന്‍ അന്തിക്കാട്

പാര്‍വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ സാനു ജോണ്‍ വര്‍ഗ്ഗീസിന്റെ ‘ആര്‍ക്കറിയാം’ മികച്ച സിനിമയെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പക്വതയുള്ള ഒരു സംവിധായകന്‍ സാനുവിന്റെ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കിത്തന്ന സിനിമയാണ്. ഒരു കൊച്ചു കഥയെ ആര്‍ഭാടങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ സാനു അവതരിപ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം തിയറ്ററില്‍ റിലീസായ ചിത്രം ആംസോണ്‍ പ്രൈം അടക്കം ആറ് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്.

ചിത്രത്തെക്കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

റിലീസ് ചെയ്ത സമയത്ത് കാണാന്‍ പറ്റാതെ പോയ സിനിമയാണ് ‘ആര്‍ക്കറിയാം’. ഇന്നലെ ആമസോണ്‍ പ്രൈമില്‍ കണ്ടു. സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണം നിര്‍വഹിച്ച പല സിനിമകളും കണ്ടിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും. പക്ഷെ പക്വതയുള്ള ഒരു സംവിധായകന്‍ സാനുവിന്റെ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കിത്തന്ന സിനിമയാണ് ‘ആര്‍ക്കറിയാം’. ഒരു കൊച്ചു കഥയെ ആര്‍ഭാടങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ സാനു അവതരിപ്പിച്ചു. (ഒട്ടും ‘ജാഡ’യില്ലാതെ എന്നാണ് ശരിക്കും പറയേണ്ടത്.)

ഷറഫുദ്ദീനും, പാര്‍വ്വതിയും, ഇടക്ക് വന്നു പോകുന്ന ‘ഭാസി’ എന്ന കഥാപാത്രവുമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ‘ബിജു മേനോന്‍’ എന്ന നടനാണ് ഈ സിനിമയുടെ ജീവന്‍. ചലനങ്ങളിലും, സംഭാഷണങ്ങളിലുമൊക്കെ എത്ര ശ്രദ്ധയോടെയാണ് ബിജു പെരുമാറുന്നത്. ഊണു കഴിക്കുമ്പോള്‍ ആ ചോറ് കുഴച്ച് ഉരുട്ടുന്നതില്‍ പോലുമുണ്ട് ഒരു നാട്ടിന്‍പുറത്തുകാരന്റെ സ്വാഭാവികത. രാത്രി, ഭക്ഷണത്തിനു വേണ്ടി ഗേറ്റിനു പുറത്ത് കാത്തിരിക്കുന്ന നാട്ടുനായ്ക്കളുടെ ചിത്രമൊന്നും മനസ്സില്‍ നിന്ന് പെട്ടെന്ന് മായില്ല.

സാനുവിനും, അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ദൃശ്യങ്ങള്‍ മാറുന്നത് ഒരിക്കല്‍ പോലും അറിയിക്കാതെ എഡിറ്റു ചെയ്ത മഹേഷ് നാരായണന് പ്രത്യേക സ്‌നേഹം.