സേവറി നാണു കൊലക്കേസ് പുനരന്വേഷിക്കണമെന്ന് കുടുംബം; ‘സുധാകരന്‍ നടത്തിയത് കുറ്റസമ്മതം’

കണ്ണൂര്‍: മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള വാഗ്വാദം കനക്കുന്നതിനിടെ വെളിപ്പെടുന്നത് ചില രാഷ്ട്രീയ കൊലപാതകങ്ങളുടെ ചിത്രം കൂടിയാണ്. ഇത്തരത്തില്‍ കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തിനിടെ സിപിഐഎം പ്രവര്‍ത്തകന്‍ സേവറി നാണുവിന്റെ കൊലപാകതവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസിന് സംഭവിച്ച് കൈപ്പിഴയായിരുന്നു സേവറി നാണുവിന്റെ കൊലപാതകമെന്നാണ് സുധാകരന്‍ പറഞ്ഞത്. ഇതോടെ നാണുനിന്റെ കൊലക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.

സുധാകരന്‍ നടത്തിയത് കുറ്റസമ്മതം തന്നെയാണെന്ന് സേവറി നാണുവിന്റെ ഭാര്യ ഭാര്‍ഗവി ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമനടപടികള്‍ അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്‍ഗവി വ്യക്തമാക്കി.

താന്‍ കോണ്‍ഗ്രസിന്റെ ജില്ലാ ചുമതലയേറ്റതിന് ശേഷം കണ്ണൂകരില്‍ സിപിഐഎമ്മിന് നഷ്ടപ്പെട്ട രണ്ടാമതൊരു പ്രവര്‍ത്തകന്റെ പേര് പിണറായി വിജയന്‍ പറഞ്ഞാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാം എന്നു തുടങ്ങിയുള്ള പരാമര്‍ശത്തിലാണ് സുധാകരന്‍ സേവറി നാണുവിന്റെ പേര് പറഞ്ഞത്. സേവറി നാണുവിനല്ലാതെ തന്റെ കാലഘട്ടില്‍ മറ്റൊരു സിപിഐഎമ്മുകാരനും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. 28 പേരെ സിപിഐഎം വെട്ടിക്കൊന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു കൈപ്പിഴയാണ് നാണുവിന്റെ കൊലയെന്നും സുധാകരന്‍ പറഞ്ഞു.

1922 ജൂണ്‍13നാണ് കണ്ണൂര്‍ ബസ്റ്റാന്റിന് സമീപത്തുണ്ടായ ബോംബേറില്‍ സേവറി നാണു കൊല്ലപ്പെട്ടത്. ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണം കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ശക്തമായിരുന്നു.