ലഖ്നൗ: വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി( എസ്ബിഎസ്പി) സമാജ്വാദി പാര്‍ട്ടിയോടൊപ്പം സഖ്യത്തില്‍ മത്സരിക്കും. എസ്ബിഎസ്പി അദ്ധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് എസ്ബിഎസ്പി സഖ്യതീരുമാനം പ്രഖ്യാപിച്ചത്. മത്സരിക്കാന്‍ ഒരു സീറ്റ് പോലും ലഭിച്ചില്ലെങ്കിലും സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപാര്‍ട്ടികളും സഖ്യത്തിലെത്തിയത് ട്വീറ്റ് ചെയ്ത് സമാജ്വാദി പാര്‍ട്ടി തന്നെ ഉറപ്പിച്ചു. ‘അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും പിന്നോക്കകാര്‍ക്കും ദളിതുകള്‍ക്കും വനിതകള്‍ക്കും കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും മറ്റ് അധസ്ഥിത വിഭാഗങ്ങള്‍ക്കും വേണ്ടി സമാജ്വാദി പാര്‍ട്ടിയും എസ്ബിഎസ്പിയും യോജിച്ച് പോരാടും. ഇരുപാര്‍ട്ടികളും യോജിച്ചാല്‍ ബിജെപിയെ ഉത്തര്‍പ്രദേശില്‍ നിന്ന് തുടച്ചുമാറ്റാന്‍ കഴിയും’, എന്നായിരുന്നു ട്വീറ്റ്.
2019വരെ ബിജെപി സഖ്യകക്ഷിയായിരുന്നു എസ്ബിഎസ്പി. യോഗി മന്ത്രിസഭയില്‍ അംഗമായിരുന്ന ഓം പ്രകാശ് രാജ്ബര്‍ പിന്നീട് ബിജെപിയുമായി ഇടയുകയായിരുന്നു.
എസ്ബിഎസ്പി, ഭീം ആര്‍മി നേതൃത്വം നല്കുന്ന ആസാദ് സമാജ് പാര്‍ട്ടി ഉള്‍പ്പെടെ പത്തോളം പ്രാദേശിക പാര്‍ട്ടികള്‍ രൂപീകരിച്ച ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയുടെ അദ്ധ്യക്ഷനുമാണ് രാജ്ബര്‍. മോര്‍ച്ചയിലെ പാര്‍ട്ടികളും സമാജ്വാദി പാര്‍ട്ടി സഖ്യത്തോട് സഹകരിക്കുമെന്നും എസ്ബിഎസ്പി നേതാവ് അരവിന്ദ് രാജ്ബര്‍ പറഞ്ഞു.